തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര, കൊല്ലം, കണ്ണൂര്‍ കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ എന്‍.ഡി.എ ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പകരം കുമ്മനത്തെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് ധാരണ. കെ മുരളീധരനെ വട്ടിയൂര്‍ക്കാവില്‍നിന്ന് മാറ്റിയതിന് ഇതിന് തെളിവാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇടതുമുന്നണിയെ തോല്‍പ്പിക്കുകയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അജണ്ട. അതിന്റെ ഭാഗമായാണ് അണിയറ നീക്കങ്ങള്‍. ഇതുവരെ അക്കൗണ്ട് തുറക്കാനാവാക്ക കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള വിദ്യയാണിത്. ടോം വടക്കനെപ്പോലെയുള്ളവരാണ് സ്ഥാനാര്‍ഥികളാകാന്‍ പോകുന്നത്. അദ്ദേഹത്തെയും കെ.എസ് രാധാകൃഷ്ണനെയും പോലെയുള്ളവരെ സ്ഥാനാര്‍ഥികളാക്കുന്നത് ആരെ സഹായിക്കാനാണ്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ കേരളം അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
വടകരയില്‍ നേരത്തെയും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാഗതം ചെയ്യുന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ബിജെപി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും കോഴിക്കോട്ടെ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാഗതം ചെയ്തു. ഇത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ്.
കോണ്‍ഗ്രസിന്റെ വോട്ട് മറിച്ചു നല്‍കിയതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തത് അങ്ങനെയാണ്. ഇതെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇടത് തരംഗം മുന്നില്‍ക്കണ്ടാണ് ഇത്തരം നീക്കങ്ങള്‍. ആര്‍.എസ്.എസ്സാണ് തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ എന്ത് വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഇതെല്ലാം.
വടകരയില്‍ കെ മുരളീധരന്‍ വന്നതില്‍ ആശങ്കയില്ല. ഒമ്പത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നാലെണ്ണത്തില്‍ മാത്രം വിജയിച്ചയാളാണ് മുരളീധരന്‍. മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ തോറ്റ വ്യക്തയാണ്. ഇടതുമുന്നണിക്ക് അദ്ദേഹത്തെ ഭയമില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Leave a Comment