പത്തനംതിട്ടയില്‍ സുരേന്ദ്രന്‍; ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രം; കണ്ണന്താനം ഏറണാകുളത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ അടിമുടി മാറ്റം. പത്തനംതിട്ട ഉറപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അവസാനം പട്ടികയ്ക്ക് പുറത്തായി. അതോടെ പത്തനംതിട്ട ലഭിക്കാത്തതിനാല്‍ മത്സരിച്ചേക്കില്ല എന്ന് കരുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ഏറക്കുറേ ഉറപ്പിച്ചത്.

ബിജെപിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് പ്രശ്നപരിഹാരമുണ്ടക്കിയത്. പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിയാവുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുകയും ആര്‍എസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. അതോടെ ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതായാണ് അറിയുന്നത്.

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാനും ശ്രീധരന്‍പിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന.

സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ പത്തനംതിട്ടയില്‍ ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ത്തന്നെ എം.ടി രമേശിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ തള്ളിപ്പോയിരുന്നു. എന്‍എസ്എസിന്റെയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഒപ്പം ശബരിമല വിഷയത്തില്‍ സജീവമായ ഇടപടലുകള്‍ നടത്തിയ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു.

സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. പാലക്കാട് അല്ലാത്തതിനാല്‍ അവര്‍ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ ആറ്റിങ്ങലില്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ആലപ്പുഴയില്‍ കെ.എസ് രാധാകൃഷ്ണനും മത്സരിച്ചേക്കും. പി.കെ.കൃഷ്ണദാസ് മത്സരരംഗത്തുനിന്ന് പിന്മാറി.

ചര്‍ച്ചകള്‍ ഇന്നലെയോടെ പൂര്‍ത്തിയായെങ്കിലും ഇന്ന് അമിത് ഷാ ആയിരിക്കും സ്ഥാനാര്‍ഥി പട്ടികയയ്ക്ക് അന്തിമ രൂപം നല്‍കുക. അന്തിമ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

pathram:
Related Post
Leave a Comment