സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ 25 നേതാക്കള്‍ ബിജെപി വിട്ടു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. 25 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ മാത്രം ഇന്ന് 18 നേതാക്കളാണ് ബി.ജെ.പി വിട്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗംഭീന്‍, ആഭ്യന്തരമന്ത്രി കുമാര്‍ വായി, ടൂറിസം മന്ത്രി ജര്‍കാര്‍ ഗാംലിന്‍ എന്നിവരും ആറ് എം.എല്‍.എമാരും ഇതില്‍ ഉള്‍പ്പെടും.

എന്‍.ഡി.എയെ പിന്തുണക്കുന്ന നോര്‍ത്ത് ഈസ്റ്റ് അലയന്‍സിലെ അംഗമായിരുന്ന എന്‍.പി.പി പിന്നീട് പിന്നീട് സഖ്യം വിട്ടു. 60 അംഗ നിയമസഭയില്‍ 30-40 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.പി.പിയുടെ തീരുമാനം.

കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബി.ജെ.പി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് ആഭ്യന്തരമന്ത്രി കുമാര്‍ വായി ആരോപിച്ചു. രാജ്യമാണ് പ്രധാനം, രണ്ടാമത് പാര്‍ട്ടി, വ്യക്തികള്‍ പിന്നീടേ വരൂ എന്നു പഞ്ഞ ബി.ജെ.പി യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് അതിന് വിപരീതമായാണ്. മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത്- അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി ടിക്കറ്റ് നല്‍കില്ലെന്ന് നേരത്തേ അറിയിച്ചതിനേത്തുടര്‍ന്നാണ് എന്‍.പി.പി.യില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിന്‍ പറഞ്ഞു. പാര്‍ട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ വേണോ എന്ന ചിന്തയില്‍ നിന്നാണ് താന്‍ പാര്‍ട്ടി വിട്ടത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നാണ് ബി.ജെ.പി നേതാവ് കിരണ്‍ റിജിജു വ്യക്തമാക്കിയത്. ഇതുവരെ 54 സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു. ബുധനാഴ്ച ലിസ്റ്റ് പുറത്തുവിടുമെന്നാണ് കരുതുന്നത്.

pathram:
Related Post
Leave a Comment