ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം വ്യക്തമാക്കി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. അവസാന രണ്ട് ഏകദിനങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഇല്ലാതിരുന്നതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. 2015ന് ശേഷം നാട്ടിലെ ഇന്ത്യയുടെ ആദ്യ പരമ്പര തോല്‍വിയായിരുന്നു ഇത്.
കളിക്കളത്തിലെ ധോണിയുടെ ശാന്ത സമീപനം നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിലമതിക്കാനാകാത്തതാണെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കു ശേഷം ടീം മാനേജ്‌മെന്റ് ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയും കേദാര്‍ ജാദവും ചേര്‍ന്നു നേടിയ 141 റണ്‍സ് കൂട്ടുകെട്ടായിരുന്നു.
വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് തനിക്ക് മോശം അഭിപ്രായമൊന്നുമില്ലെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ധോണി ഇല്ലാതിരുന്നപ്പോഴും കഴിഞ്ഞ രണ്ടു വര്‍ഷം ടീമിനൊപ്പം കോലി എന്താണ് ചെയ്തതെന്ന് താന്‍ കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സമ്മര്‍ദ ഘട്ടങ്ങളില്‍ ധോണി സ്വീകരിക്കുന്ന ശാന്ത സമീപനം ടീമിനെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
Leave a Comment