ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംഘടനാ തിരക്കുകള്‍ക്കിടയില്‍ മത്സരിക്കുന്നത് ആലപ്പുഴയിലെ ജനങ്ങളോടുള്ള നീതികേടാണെന്നും അതിനാലാണ് മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ദിവസം വരാനിരിക്കെയാണിത്.
വേണുഗോപാലിന്റെ പിന്‍മാറ്റം ആലപ്പുഴയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. കഴിഞ്ഞ രണ്ട് തവണയും മികച്ച വിജയം ആലപ്പുഴയില്‍ നിന്ന് നേടാന്‍ കെ.സി വേണുഗോപാലിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇടത് പക്ഷത്തിന് ശക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലമാണ് ആലപ്പുഴ എന്ന് വ്യക്തമാവും. ആ സമയങ്ങളിലും ആലപ്പുഴയില്‍ നിന്ന് വിജയിച്ച് കേറിയ ചരിത്രമാണ് കെ.സി വേണുഗോപാലിനുള്ളത്. നിലവില്‍ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കെ.സി വേണുഗോപാല്‍.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സീറ്റ് നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മറ്റി അംഗവുമാണ് അദ്ദേഹം. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയാവുന്നതില്‍ നിന്ന് പിന്മാറാന്‍ കെ.സി വേണുഗോപാല്‍ തീരുമാനിച്ചിരിക്കുന്നത്. അരൂര്‍ എം.എല്‍.എയായ എ.എം ആരിഫിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കെ.സി വേണുഗോപാലിന് പകരക്കാരനായി ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പി.സി വിഷ്ണുനാഥിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകളാണ് നിലവില്‍ പറഞ്ഞ് കേള്‍ക്കുന്നത്. ആലപ്പുഴയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കന്മാരെയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും.
Leave a Comment