അമിത ടിക്കറ്റ് നിരക്ക്; യാത്രക്കാരെ അകറ്റുന്നു; ബജറ്റ് നിര്‍ത്തലാക്കിയതും റെയില്‍വേയ്ക്ക് തിരിച്ചടി

കൊച്ചി: വര്‍ധിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്ക് യാത്രക്കാരെ നിരാശപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. തത്കാല്‍, പ്രീമിയംതത്കാല്‍ നിരക്കിലുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതും സുവിധ പ്രത്യേക തീവണ്ടികളും യാത്രക്കാരെ കുറയ്ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 134.7 കോടി യാത്രക്കാരാണ് കുറഞ്ഞത്. ശതാബ്ദി, രാജധാനി തുടങ്ങിയ നിരക്ക് കൂടിയ തീവണ്ടികള്‍ വ്യാപകമാക്കുകയും നിലവിലുള്ള തീവണ്ടികളില്‍ തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ എര്‍പ്പെടുത്തുകയും ചെയ്തതോടെ യാത്രക്കാര്‍ ചുവട് മാറ്റുകയാണ്. പ്രത്യേക തീവണ്ടികളായി അമിത നിരക്ക് ഈടാക്കുന്ന സുവിധയും സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടികളും മാത്രം ഓടിച്ചതും യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമായി.

സുവിധ തീവണ്ടിയിലെ നിരക്ക് പലപ്പോഴും വിമാന ടിക്കറ്റിന് സമമാണ്. ടിക്കറ്റിന്റെ അടിസ്ഥാന വില കൂട്ടാതെ വരുമാനം കൂട്ടാന്‍ റെയില്‍വേ കുറുക്ക് വഴികള്‍ തേടിയതാണ് പ്രത്യേക തീവണ്ടികള്‍ ഓടിച്ചിട്ടും യാത്രക്കാര്‍ കുറയാന്‍ കാരണമായത്.

201314 സാമ്പത്തിക വര്‍ഷത്തില്‍ 842.5 കോടിപേര്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 201819 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരിയുള്ള കാലയളവില്‍ 707.8 കോടി പേര്‍ മാത്രമാണ് യാത്ര ചെയ്തത്. പക്ഷേ 210314 വര്‍ഷത്തില്‍ 36,532.25 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 20182019 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരിവരെയുള്ള കാലയളവില്‍ ഇത് 42,549.74 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ചരക്കുഗതാഗതത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.65 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 10 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

എക്‌സ്പ്രസ് തീവണ്ടികള്‍ എല്‍.എച്ച്.ബി.(ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളിലേക്ക് മാറ്റുമ്പോള്‍ ഒരോ തീവണ്ടികളിലും രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ വീതം എടുത്ത് കളഞ്ഞിരുന്നു. ബെംഗളൂരുഎറണാകുളം, ചെന്നൈ തിരുവനന്തപുരം റൂട്ടുകള്‍ നല്ല തിരക്ക് അനുഭവപ്പെടുന്നവയാണെങ്കിലും പുതിയ പ്രതിദിന തീവണ്ടികള്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേ തയ്യാറല്ല. അതു പോലെ പാതയിരട്ടിപ്പ് പൂര്‍ത്തിയായ തമിഴ്‌നാട്ടിലെ പല റൂട്ടുകളിലും പുതിയ തീവണ്ടികള്‍ പ്രഖ്യാപിക്കാനും നടപടിയുണ്ടാക്കിയില്ല.

റെയില്‍വേയ്ക്ക് പ്രത്യേകമായി ബജറ്റ് അവതരണം നിര്‍ത്തലാക്കിയത് വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 1924 മുതല്‍ 2016വരെ റെയില്‍വേയ്ക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ചിരുന്നു.

pathram:
Related Post
Leave a Comment