തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയ്ക്ക് സമാനമായ ഒരു ആക്രമണം കൂടി ഉണ്ടാവും; ഇത് മറ്റുള്ളതെല്ലാം മറന്ന് ജനങ്ങളെ ദേശ സ്‌നേഹത്തിലേക്ക് തിരിച്ചുവിടും

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുല്‍വാമ ആക്രമണത്തിന് സമാനമായ ഒരു ആക്രമണം രാജ്യത്തുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. എന്റെ വാക്കുകള്‍ ഓര്‍ത്തു വെച്ചോളൂ. പുല്‍വാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്. ഇത് ജനങ്ങളെ അവരുടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മാറ്റി ദേശസ്‌നേഹത്തിലേക്ക് വഴി തിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ എംഎന്‍എസിന്റെ 13ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെ അവഗണിച്ചതാണ് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് കാരണമെന്ന് നേരത്തെ രാജ് താക്കറെ പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പലകാര്യങ്ങളും പുറത്ത് വരും. ഡിസംബറില്‍ പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവിനെ ബാങ്കോക്കില്‍ വെച്ച് ഡോവല്‍ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമക്ഷേത്ര വിഷയത്തിലടക്കം തങ്ങളുടെ എല്ല നയങ്ങളിലും പരാജയപ്പെട്ടെന്നും രാജ് താക്കറെ പറഞ്ഞു.

pathram:
Related Post
Leave a Comment