കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഇന്നറിയാം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച ഇന്ന്. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. അതിനുശേഷം ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക് പോകും.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. എറണാകുളം ഒഴികെയുള്ള സിറ്റിങ് എം പിമാരുടെ മണ്ഡലത്തില്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കില്ല. എറണാകുളത്ത് സിറ്റിങ് എം എല്‍ എ ഹൈബി ഈഡനേയും പരിഗണിക്കുന്നുണ്ട്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക.

എഎംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും. സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടി എന്നിവരോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്.

ഡിസിസി അധ്യക്ഷന്‍ ടി എന്‍ പ്രതാപന്റെ പേര് തൃശൂരിലും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ പേര് ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. വി എം സുധീരന്‍ , പി സി ചാക്കോ എന്നിവരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ആലത്തൂര്‍ , വയനാട് മണ്ഡലങ്ങളിലെ പട്ടികയിലാണ് വനിതാ പ്രാതിനിധ്യം ഉള്ളത്.

ഞായറാഴ്ചയോടെ ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ പട്ടിക ഹൈക്കമാന്റിന് കൈമാറും. തിങ്കളാഴ്ച ആണ് സ്‌ക്രീനിങ് കമ്മറ്റി യോഗം. കെ സി വേണുഗോപാല്‍ , മുകുള്‍ വാസ്‌നിക് , മുല്ലപ്പള്ളി രാമചന്ദ്രന്‍ , രമേശ് ചെന്നിത്തല എന്നിവരാണ് സ്‌ക്രീനിങ് കമ്മറ്റി അംഗങ്ങള്‍. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ക്ഷണിതാവുമാണ്. സ്‌ക്രീനിങ് കമ്മറ്റിക്ക് ശേഷം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.

പി കരുണാകരനൊഴികെയുള്ള എല്ലാ സിറ്റിങ്ങ് എം പിമാരെയും സിപിഐഎം വിണ്ടും മത്സരരംഗത്തിറക്കുന്നുണ്ട്. ഇടത് മുന്നണിയില്‍ സിപിഐയും സിപിഐഎമ്മും മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കാതെ നടത്തിയ സീറ്റ് വിഭജനം യുഡിഎഫിലും പ്രതിഫലിക്കുമോയെന്നാണ് പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നത്. ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥി ഇന്ന് ലിസ്റ്റ് പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക നിര്‍ണ്ണയ ചര്‍ച്ചകള്‍ നടത്തുന്നത്.

pathram:
Related Post
Leave a Comment