കള്ളവോട്ട്: സുരേന്ദ്രന്‍ കേസില്‍നിന്ന് പിന്മാറി; മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ്

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പിന്മാറി. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന കേസ് പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ അപേക്ഷയിലൂടെ അറിയിക്കും. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കും.

കേസ് പിന്‍വലിച്ചാലും രാഷ്ട്രീയമായി നേരിടുമെന്നും ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അബ്ദുള്‍ റസാഖ് മരിച്ചെങ്കിലും കേസ് പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. ഇതിനിടെയാണ് ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ ചര്‍ച്ചകളില്‍ ഇദ്ദേഹത്തിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. ശേഷിക്കുന്ന സാക്ഷികള്‍ സമന്‍സ് കൈപ്പറ്റാന്‍ തയ്യാറാകാത്തതും കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.

മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനാലാണ് മഞ്ചേശ്വരത്തുനിന്ന് പിന്മാറാന്‍ സുരേന്ദ്രന്‍ തയ്യാറായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോടൊപ്പം ഇന്ന് അദ്ദേഹം മന്നം സമാധിയിലെത്തി എന്‍സ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ടിരുന്നു.

നാലുതവണ കെ. സുരേന്ദ്രന്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2009 ലും 2014 ലും കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 2011 ലും 2016 ലും മഞ്ചേശ്വരത്തു നിന്നുമാണ് സുരേന്ദ്രന്‍ മത്സരിച്ചിരുന്നത്. മഞ്ചേശ്വരത്ത് പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment