കാഞ്ഞങ്ങാട്: കാസര്‍കോട് പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.
ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.
സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് കൃപേഷിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.
കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്‌യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു.
Leave a Comment