കാസര്‍ഗോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റിരുന്ന ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നു മംളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൃപേഷിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്നു കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വൈകിട്ട് ആറരയോടെയാണ് സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നാണ് വെട്ടിയത്. അതിനുശേഷം ഇരുവരെയും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിപിഎംകോണ്‍ഗ്രസ് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് പെരിയ.
കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു. യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Leave a Comment