അവസാന വിക്കറ്റില്‍ 78 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്; അവിശ്വസനീയ റെക്കോര്‍ഡ് ജയവുമായി ശ്രീലങ്ക

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം. കുശാല്‍ പെരേരയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ചരിത്രവിജയം സന്ദര്‍ശകരായ ശ്രീലങ്കനേടിയെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 304 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തില്‍ 110 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ 200 പന്തില്‍ നിന്നും 153 റണ്‍സ് നേടി കുശാല്‍ പെരേര വിജയത്തിലെത്തിക്കുകയായിരുന്നു.

അവസാന വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയ്‌ക്കൊപ്പം ചേര്‍ന്ന് 78 റണ്‍സാണ് കുശാല്‍ പെരേര കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിജയകരമായ റണ്‍ചേസിലെ ഏറ്റവും ഉയര്‍ന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടാണിത്. 48 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയും പെരേരയ്ക്ക് മികച്ച പിന്തുണ നല്‍കി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്നും ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഒലിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തെ 44 റണ്‍സിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക 259 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. കുശാല്‍ പെരേരയാണ് മാന്‍ ഓഫ് ദി മാച്ച്. ഫെബ്രുവരി 21 ന് പോര്‍ട്ട് എലിസബത്തിലാണ് പരമ്പരയിലെ അവസാന മത്സരം.

pathram:
Related Post
Leave a Comment