ആക്രമണത്തിന് പിന്നില്‍ ഐഎസ്‌ഐ..?

വാഷിങ്ടണ്‍/കാബൂള്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കന്‍ വിദഗ്ധര്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം.) ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്.ഐ.യുടെ അറിവോടെയാകും ഭീകരാക്രമണമെന്ന വിലയിരുത്തലില്‍ വിദഗ്ധരെത്തിയത്.

ഐ.എസ്.ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാകിസ്താന്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ കാലിടറിയതോടെ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്.ഐ. ആശ്രയിക്കുന്നതെന്നാണ് രഹസ്യാന്വേഷണകേന്ദ്രങ്ങള്‍ പറയുന്നത്. അതിനാല്‍ത്തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റത് ഐ.എസ്.ഐ.ക്കുനേരെയാണ് വിരല്‍ചൂണ്ടുന്നത്.

പാകിസ്താന്‍ പ്രധാനമന്ത്രിപദത്തില്‍ ആറുമാസം തികച്ച ഇമ്രാന്‍ഖാന്‍ നേരിടുന്ന ഗൗരവമേറിയ ആദ്യ വെല്ലുവിളിയാണ് പുല്‍വാമയിലെ ആക്രമണം. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടും സേനയെ ഉപയോഗിച്ച് ശക്തമായി തിരിച്ചടിച്ചിട്ടും പാകിസ്താന്‍കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് പുല്‍വാമയിലെ നരഹത്യയെന്ന് യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാസമിതിയംഗമായിരുന്ന അനീഷ് ഗോയല്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം തിടുക്കത്തിലേറ്റതോടെ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ജെ.ഇ.എം. നല്‍കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തിക്കാനും ഇതിടയാക്കും. കശ്മീരില്‍ ഇപ്പോഴും സജീവമായിരിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ അത് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദമേറ്റുമെന്നും അദ്ദേഹം പറയുന്നു.

പാക് മണ്ണില്‍ കാലൂന്നിപ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്താനെ പ്രേരിപ്പിക്കുന്നതില്‍ അമേരിക്കയ്‌ക്കോ അന്താരാഷ്ട്ര സമൂഹത്തിനോ കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജെ.ഇ.എമ്മിന്റെ തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ആണ്ടുകളുടെ പഴക്കമുണ്ട്.

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോടുള്ള ഇന്ത്യയുടെ ആവശ്യത്തെ അതിലെ സ്ഥിരാംഗമായ ചൈന ശക്തമായി എതിര്‍ക്കുകയാണ്. ആ എതിര്‍പ്പ് തുടരുമെന്നാണ് പുല്‍വാമ സംഭവത്തിനുശേഷവും ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഇത് യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരാജയമാണ്. ഈ ഭീകരസംഘടനകള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അന്താരാഷ്ട്രസമൂഹത്തിന് എന്തുചെയ്യാന്‍ കഴിയുമെന്നതാണ് ഇനിയുള്ള ചോദ്യമെന്ന് യു.എസിലെ കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിലെ അലിസ അയേഴ്സ് പറയുന്നു.

പാകിസ്താനെതിരേ ഉടനടി ഗൗരവപ്പെട്ട നടപടിയെടുക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനമാണ്. വെള്ളിയാഴ്ച പാകിസ്താനിലെത്തുന്ന അദ്ദേഹം അടുത്തദിവസങ്ങളില്‍ ഇന്ത്യയിലുമെത്തുന്നുണ്ട്. പുല്‍വാമയുടെ നിഴല്‍മൂടിയതാവും ഈ സന്ദര്‍ശനമെന്ന് യു.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിലെ മൊയീസ് യൂസുഫ് വിലയിരുത്തുന്നു. ഇരുരാജ്യങ്ങളുടെയും സുഹൃത്താണ് സൗദി അറേബ്യ.

ഈ വിലയിരുത്തലുകള്‍ക്കിടെയാണ് പുല്‍വാമയിലെ ആക്രമണത്തിനുപിന്നില്‍ പാകിസ്താന്‍തന്നെ എന്ന വാദവുമായി അഫ്ഗാനിസ്താനെത്തിയത്. അഫ്ഗാനിസ്താനില്‍ ചെയ്യുന്ന അതേപോലെ പാകിസ്താന്‍ പുല്‍വാമയിലും ചെയ്തുവെന്നാണ് അവിടത്തെ ആഭ്യന്തരമന്ത്രിയുടെ ചുമതലവഹിക്കുന്ന അമ്രുള്ള സലേയുടെ വാക്കുകള്‍.

കശ്മീരിലെ വിഘടനവാദികളുമായി പാകിസ്താന്‍സര്‍ക്കാര്‍തന്നെ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഈ ആക്രമണം. പാകിസ്താന്‍ വിദേശകാര്യമന്ത്രി വിഘടനവാദിനേതാക്കളുമായി ഫോണില്‍ സംസാരിച്ചതിന് ഇന്ത്യ താക്കീത് ചെയ്തിരുന്നു. പാകിസ്താനിലെ വിഘടനവാദി സഖ്യമായ ജോയന്റ് റെസിസ്റ്റന്‍സ് ലീഗിന് ഐ.എസ്.ഐ. പണം കൊടുക്കുന്നുവെന്ന വാര്‍ത്തകളും അടുത്തിടെയാണ് പുറത്തുവന്നത്.

pathram:
Related Post
Leave a Comment