പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി.

ഭീകരതയെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി.

ആക്രമണത്തിനു പിന്നാലെ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്കു തിരിച്ചു. ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളെ കണ്ടു. ആക്രമണത്തിനു പിന്നാലെ തെക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ശ്രീനഗര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് 2ജി ആയും പരിമിതപ്പെടുത്തി.

സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം വെള്ളിയാഴ്ച രാവിലെ, സ്‌ഫോടനം നടന്ന സ്ഥലത്തെത്തും. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിനു പിന്നിലെ വിദേശ പങ്ക് കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. എന്‍എസ്ജിയിലെ സ്‌ഫോടകവസ്തു വിദഗ്ധരും വെള്ളിയാഴ്ച പരിശോധനയ്‌ക്കെത്തും. ദുഃഖവും രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ആക്രമണത്തെ വെല്ലുവിളിയായി ഏറ്റെടുക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ വ്യക്തമാക്കി.

pathram:
Leave a Comment