കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍ എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സര്‍ക്കാരിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട ദേവികുളം സബ്കളക്ടര്‍ രേണു രാജിന്റെ സത്യവാങ്മൂലവും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ് രാജേന്ദ്രന്‍ എം എല്‍ എ തന്നെ അപമാനിച്ചുവെന്ന് സബ് കളക്ടര്‍ രേണു രാജ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍വെച്ച് എം എല്‍ എ തനിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും രേണു രാജിന്റെ സത്യവാങ്മൂലത്തിലുണ്ട്.
നിലവില്‍ പഞ്ചായത്ത് നടത്തിയ അനധികൃതനിര്‍മാണത്തെ കുറിച്ചുള്ള വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമങ്ങളും ഈ നിയമങ്ങളെ എങ്ങിനെയാണ് ലംഘിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയതിനു ശേഷവും നിര്‍മാണം തുടര്‍ന്നതിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പുഴയോരത്ത് നിശ്ചിത അകലം പാലിക്കാതെ കെട്ടിടനിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നിര്‍മാണം.
അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ച് നിര്‍മാണം തുടരുകയായിരുന്നു. തുടര്‍ന്ന് റവന്യൂ സംഘം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തിയപ്പോള്‍ എസ് രാജേന്ദ്രന്‍ എം എല്‍ എയും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് തടഞ്ഞു. സബ് കളക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശവും രാജേന്ദ്രന്‍ അന്ന് നടത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
Leave a Comment