മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

മഞ്ചേരി: മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്.പതിനാലും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണിവര്‍.

പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്.

2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ പറയുന്നു.

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93 ശതമാനം കുട്ടികള്‍ക്കും കുത്തിവെയ്പ്പ് എടുത്തിരുന്നു.

pathram:
Related Post
Leave a Comment