ടിക്കറ്റിന് 100 രൂപ; ബുക്ക് ചെയ്യാന്‍ 70 രൂപ വരെ; തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുമോ…? ചര്‍ച്ച നാളെ

തിരുവനന്തപുരം: നാളെ കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടിക്കറ്റ് ബുക്കിങ് കൊള്ളയടി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ബാലന്റെയും നേതൃത്വത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളും ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ ഈ വിഷയം ഉന്നയിക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിനു സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ച കമ്പനിക്കു പ്രവര്‍ത്തനാവകാശം നല്‍കണമെന്ന അഭിപ്രായമാണു നിര്‍മാതാക്കള്‍ക്കുള്ളത്. എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് മേഖലയിലെ വന്‍കിട കമ്പനി ഈ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ രംഗത്തുണ്ട്.

സിനിമാ സംഘടനാനേതാവും ഭരണത്തില്‍ സ്വാധീനവുമുള്ള ഒരാള്‍ വഴിയാണ് അവര്‍ ഇത്രനാളും പിടിച്ചുനിന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് അമിതതുക ഈടാക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടാല്‍ തുച്ഛമായ മുതല്‍മുടക്കില്‍ കോടികള്‍ കൊയ്യുന്ന കച്ചവടം തകരുമെന്ന് കമ്പനിക്ക് അറിയാം. അതിനാല്‍ വിഷയം വഴിതിരിച്ചുവിടാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണവര്‍.

ഓണ്‍ലൈന്‍ വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 30 രൂപ മുതല്‍ 60 രൂപവരെയും സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് 70 രൂപവരെയും കമ്മിഷനായി ഈടാക്കുന്ന കമ്പനിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഒട്ടേറെതവണ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി ബാലന്‍ പ്രഖ്യാപിച്ചുവെങ്കിലും സര്‍ക്കാരില്‍ സ്വാധീനമുള്ള സംഘടനാനേതാവ് ഇടപെട്ടു തടയുകയായിരുന്നു. 100 രൂപയുടെ ടിക്കറ്റിനാണ് 60 രൂപവരെ കമ്മിഷന്‍ ഈടാക്കുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഓരോ ടിക്കറ്റിനും കമ്മിഷന്‍ ഈടാക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിയറ്ററുകളില്‍ ഇ–ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തിയറ്ററുകളില്‍ രണ്ടുവര്‍ഷം ഈ സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ തിയറ്ററുകളിലും ഇ–ടിക്കറ്റിങും ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും നടത്തുന്നതിനു കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിച്ചപ്പോഴും കെല്‍ട്രോണുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ഈ കമ്പനിയെയാണു തിരഞ്ഞെടുത്തത്.

ഓരോ ടിക്കറ്റ് വില്‍ക്കുമ്പോഴും അതില്‍ നിന്ന് 5 രൂപ അപ്പോള്‍തന്നെ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും നല്‍കുന്ന കലാകാരന്മാരുടെ ക്ഷേമനിധിയുടെ അക്കൗണ്ടിലേക്കുപോകും. ഓണ്‍ലൈന്‍വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 10 രൂപ കമ്മിഷനായി ഈടാക്കും. ഇതില്‍ 5 രൂപ തിയറ്റര്‍ ഉടമയ്ക്ക്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താലും കമ്മിഷന്‍ 10 രൂപ കടക്കില്ല. മാത്രമല്ല, 5 വര്‍ഷം കഴിയുമ്പോള്‍ സോഫ്ട്‌വെയര്‍ ഉള്‍പ്പെടെ എല്ലാം സര്‍ക്കാരിനു നല്‍കും.

തിയറ്ററില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ 40% വര്‍ധനയുണ്ടാകുമെന്നാണ് ടെന്‍ഡര്‍ ഉറപ്പിക്കുന്ന സമയത്തു കണക്കാക്കിയിരുന്നത്. നിലവിലെ അവസ്ഥയില്‍ ഇത് ഉയരും. എന്നാല്‍ തിയറ്റര്‍ ഉടമകളുടെ സമരത്തിന്റെ മറവില്‍ കരാര്‍ മരവിപ്പിക്കുകയായിരുന്നു. കെല്‍ട്രോണിനു പങ്കാളിത്തമുള്ള കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം ജനകീയമാകുമെന്നു കണ്ടാണു സിനിമാരംഗത്തുള്ള നേതാവ് ഭരണസ്വാധീനം ഉപയോഗിച്ചു തകര്‍ത്തത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment