സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ട; കുഞ്ഞനന്തനെ ന്യായീകരിച്ച സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദീകരിക്കാനെത്തിയ സര്‍ക്കാര്‍ അഭിഭാഷകനു ഹൈക്കോടതിയുടെ താക്കീത്. കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമം നടത്തിയതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ടെന്നു ജഡ്ജി പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പി.കെ. കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്‍ ചികിത്സയ്‌ക്കെന്ന പേരില്‍ പരോളില്‍ ഇറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതായി ടി.പി. വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സമയം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റ് എന്ന ചോദ്യവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ എഴുന്നേറ്റത്. സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാര്‍ട്ടിയല്ലേ ഇത് എന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാഷ്ട്രീയം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ശാസിച്ചത്.

സന്ധിവേദന, പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്ന കുഞ്ഞനന്തന്റെ വാദത്തിന്, ഇത് എല്ലാവര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കുറ്റവാളികള്‍ക്കു മെഡിക്കല്‍ കോളജില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നു കുഞ്ഞനന്തന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നതു മെഡിക്കല്‍ കോളജുകളിലല്ലേ എന്നും കോടതി ചോദിച്ചു. ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്നും ആശുപത്രിയില്‍ കുടുംബാംഗങ്ങളെ കൂടെ നിര്‍ത്താന്‍ അനുവദിച്ചാല്‍ മതിയോ എന്നും കോടതി ആരാഞ്ഞു.

ചികില്‍സയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോള്‍ നേടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടിപി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനും സര്‍ക്കാരും അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യം. ഡിസിസി ഭാരവാഹിയെപ്പോലെയാണു പ്രോസിക്യൂട്ടര്‍ വാദിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഈ ഘട്ടത്തിലാണ്, താങ്കളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ഓര്‍മിപ്പിച്ചത്. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

പി.കെ. കുഞ്ഞനന്തനു പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി 193 ദിവസം പരോള്‍ അനുവദിച്ചതു മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. കണ്ണൂരിലെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. ഇത്തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ നല്‍കിയിരുന്നത്.

pathram:
Related Post
Leave a Comment