തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് എ.പദ്മകുമാര്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടയിട്ടില്ല. വാര്‍ത്ത വളച്ചൊടിച്ചതാണ്. റിപ്പോര്‍ട്ടും വിശദീകരണവും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി തീരുന്നത് വരെ ഈ സ്ഥാനത്ത് തുടരും. വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുവെന്നു. തലപോയാലും ഉറച്ച് നില്‍ക്കും. ശബരിമലക്കും ദേവസ്വം ബോര്‍ഡിനും 839 കോടി അനുവദിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്ത സര്‍ക്കാരിനൊപ്പമാണ് ദേവസ്വംബോര്‍ഡ്. സര്‍ക്കാരിനൊപ്പം ഉറച്ച് നില്‍ക്കും ബോര്‍ഡ്.
കാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇപ്പോഴും ഞാന്‍ അകത്താണ്. അവിടെ തന്നെ തുടരും. ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം ബോര്‍ഡില്‍ ആശയകുഴപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എ. പദ്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സാവകാശ ഹര്‍ജിയുടെ പ്രസക്തി ശബരിമല സീസണ്‍ കഴിഞ്ഞതോടെ നഷ്ടപ്പെട്ടു. സാവകാശ ഹര്‍ജി ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കുന്ന സമയത്തും സ്ത്രീപ്രവേശന വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment