സംശയം തീര്‍ക്കാന്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ആശ്രയിക്കുന്നത് തേര്‍ഡ് അമ്പയറെയാണ്, തേര്‍ഡ് അമ്പയര്‍ക്കും സംശയം വന്നാലോ…? അത്തരമൊരു റണ്‍ഔട്ട് ഇതാ…

വെല്ലിംഗ്ടണ്‍: തേര്‍ഡ് അമ്പയറെ പോലും കുഴപ്പിച്ചൊരു റണ്‍ഔട്ട്. ക്രിക്കറ്റ് മത്സരത്തില്‍ സംശയം തീര്‍ക്കാനായി ഫീല്‍ഡ് അമ്പയര്‍മാര്‍ ആശ്രയിക്കുന്നത് തേര്‍ഡ് അമ്പയറെയാണ്. തേര്‍ഡ് അമ്പയര്‍ക്കുപോലും സംശയം വന്നാലോ, പിന്നെ രക്ഷയില്ല. ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതെ തേര്‍ഡ് അമ്പയറെ പോലും കുഴപ്പിച്ചൊരു റണ്‍ഔട്ടാണ് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തില്‍ ഉണ്ടായത്.
മത്സരത്തിലെ 12ാമത് ഓവറിലായിരുന്നു സംഭവം. സ്പിന്നര്‍ താബ്രിസ് ഷംസിയുടെ ബോളില്‍ സിംഗിളിനായി ഷൊയ്ബ് മാലിക് ഓടി. പക്ഷേ സഹതാരം ഹുസൈന്‍ തലാത് കുറച്ച് ദൂരം ഓടിയശേഷം തിരികെ ഓടി. അപ്പോഴേക്കും മാലിക് പകുതി ഓടി കഴിഞ്ഞിരുന്നു. മാലിക് തിരിച്ചോടുന്നതിനു മുന്‍പേ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ഇളക്കി. ഒറ്റ നോട്ടത്തില്‍ റണ്‍ഔട്ടാണെന്ന് മനസിലാക്കാമെങ്കിലും ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനത്തിനായി തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു.
റണ്‍ഔട്ടായെന്നു മനസിലാക്കിയിട്ടും മാലിക് തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനായി കാത്തുനിന്നു. മാലിക്കും തലാതും എന്‍ഡില്‍നിന്നും ഏകദേശം ഒരേ അകലത്തില്‍ എത്തിയതാണ് അമ്പയറെ കുഴപ്പത്തിലാക്കിയത്. ദീര്‍ഘനേരം റീപ്ലേകള്‍ നോക്കിയശേഷമാണ് മാലിക് ഔട്ടാണെന്ന് തേര്‍ഡ് അമ്പയര്‍ വിധി എഴുതിയത്. 16 ബോളില്‍നിന്നും 18 റണ്‍സുമായാണ് മാലിക് കളം വിട്ടത്.
മാലിക്കിന്റെ റണ്‍ഔട്ട് പക്ഷേ ടീമിന്റെ ജയത്തിനെ ബാധിച്ചില്ല. മത്സരത്തില്‍ 27 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 141 റണ്‍സ് എടുക്കാനേ സാധിച്ചുളളൂ.

shoaibmalik_edit_0 from Not This Time on Vimeo.

pathram:
Leave a Comment