ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പുതുതായി നിയമിതയായ പ്രിയങ്കാ ഗാന്ധിയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ അനുഗമിച്ചിരുന്നു. ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് വാദ്രക്കൊപ്പം പ്രിയങ്കയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെത്തിയത്.
കേസില്‍ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി(ഇ.ഡി) സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് വാദ്ര ഇ.ഡിക്കു മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുമ്പേ പ്രിയങ്ക തിരിച്ചുപോയി.
എഴുതി തയ്യാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാദ്രയോട് ചോദിച്ചത്. ഓരോന്നിനും മറുപടിയും എഴുതി നല്‍കാനായിരുന്നു നിര്‍ദേശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലണ്ടനിലെ വസ്തു ഇടപാടുമായി ഹവാല ബന്ധം ആരോപിച്ചാണ് വാദ്രക്കെതിരെ കേസെടുത്തത്.
Leave a Comment