ശബരിമല യുവതീപ്രവേശനം; എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഒഴികെയുള്ള 65 ഹര്‍ജികളാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുന്നത്. ഇതില്‍ 55 എണ്ണം പുന:പരിശോധന ഹര്‍ജികളും അഞ്ചെണ്ണം റിട്ട് ഹര്‍ജികളുമാണ്. രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും രണ്ട് പ്രത്യേക അനുമതി ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ അപേക്ഷയും ബുധനാഴ്ചയിലെ പരിഗണനാ ലിസ്റ്റിലുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത്. ഈ ഹര്‍ജികളെല്ലാം ആദ്യമായാണ് പരിഗണനയ്ക്ക് വരുന്നതെന്നതിനാല്‍ ഹര്‍ജികള്‍ സ്വീകരിക്കണമോ അതോ തള്ളണമോ എന്നകാര്യത്തിലാകും സുപ്രീകോടതി ആദ്യം തീരുമാനമെടുക്കുക.

ഹര്‍ജി സ്വീകരിക്കുകയാണെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയും തുടര്‍വാദത്തിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്യും. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക.

pathram:
Leave a Comment