സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത?

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ഭാര്യ സീനയുടെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ രംഗത്ത് വന്നു. ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് അന്ന് ബ്രിട്ടോയെ പരിശോധിച്ച തൃശ്ശൂര്‍ ദയ ആശുപത്രിയിലെ ഡോ. അബ്ദുള്‍ അസീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. തക്കസമയത്ത് എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

കൊണ്ടുവരുന്ന സമയത്ത് ആംബുലന്‍സില്‍ വെച്ച് ബ്രിട്ടോ സംസാരിച്ചിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. അതനുസരിച്ച് ഹൃദയത്തെ വീണ്ടും പ്രവര്‍ത്തിപ്പിക്കാനായി ‘റെസുസിറ്റേഷന്‍’ ചെയ്തു നോക്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ഡോക്ടര്‍ പറയുന്നു. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ബ്രിട്ടോ വിസമ്മതിച്ചിരുന്നുവെന്ന് അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും മരണ ശേഷം പോസ്റ്റ്മോര്‍ട്ടം വേണ്ടെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അസ്വസ്ഥത ഉണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സൈമണ്‍ ബ്രിട്ടോയ്ക്ക് ശ്വാസതടസ്സവും നെഞ്ചില്‍ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നുമാണ് കൊണ്ടുവന്നവര്‍ പറഞ്ഞത്. ഇതിന് അദ്ദേഹം സമാന്തര ചികിത്സ തേടിയിരുന്നുവെന്ന് മനസിലാക്കാനായി. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ എന്തോ തൈലം പുരട്ടുകയും ചൂടു പിടിക്കുകയും ഗുളിക കഴിക്കുകയും ചെയ്തുവെന്നാണ് കൊണ്ടുവന്നവര്‍ പറഞ്ഞത്.

അതില്‍നിന്നുമാണ് അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിന് ചികിത്സ തേടിയിരുന്ന ആളുമായിരുന്നുവെന്ന ധാരണയിലെത്തിയത്. എന്നാല്‍ ചികിത്സ സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കൂടെവന്നവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയത്തിന് പ്രശ്നങ്ങളുണ്ടായാല്‍ സമയത്തിന് ചികിത്സ കിട്ടിയില്ലെങ്കില്‍ അത് മരണകാരണമാകാം. ബ്രിട്ടോയ്ക്ക് ചികിത്സ കിട്ടാന്‍ വൈകിയെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവരാന്‍ വൈകി. ആധുനിക ചികിത്സയ്ക്ക് പകരം മറ്റ് രീതികളാണ് പരീക്ഷിച്ചത്.

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍ ആരോപിച്ചിരുന്നു. മരണശേഷം ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment