കുറ്റം സമ്മതിച്ചത് ക്രൂര മര്‍ദനത്തെ തുടര്‍ന്നെന്ന് ശ്രീശാന്ത്; കൂടുതല്‍ പണം കരുതിയത് എന്തിനാണെന്നും പെരുമാറ്റം മോശമായിരുന്നുവെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ല്‍ കുറ്റസമ്മതം നടത്തിയത് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീംകോടതിയില്‍. വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ചത്.

ആജീവനാന്ത വിലക്ക് അഞ്ചു വര്‍ഷത്തെ വിലക്കാക്കി കുറയ്ക്കാന്‍ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെക്കുറിച്ച് ചില പരാമര്‍ശങ്ങളും കോടതി നടത്തി. ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ശ്രീശാന്ത് കൂടുതല്‍ പണം കയ്യില്‍ കരുതിയത് എന്തിനായിരുന്നുവെന്നും വാദമധ്യേ കോടതി ചോദിച്ചു. ഇത് അനാഥാലയത്തിനു നല്‍കാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി. അധിക രേഖകള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ ബിസിസിഐ വിലക്കിയത്. വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ക്രൂരമാണെന്നും ഇംഗ്ലിഷ് കൗണ്ടി മല്‍സരങ്ങളില്‍പ്പോലും കളിക്കാനാകുന്നില്ലെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാതുവയ്പ് വിവാദത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിട്ടില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ച് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment