ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണം; താജ് മഹല്‍ ശിവമന്ദിരമാണ്; ഒന്നുമറിയാതെ കിടന്നുറങ്ങിയാല്‍ നമ്മുടെ വീടുകള്‍ക്ക് മസ്ജിദ് എന്ന് പേരിടും: കേന്ദ്രമന്ത്രി വിവാദ പ്രസ്താവനകളുമായി

ബംഗളൂരു: ഒരിടവേളയ്ക്കുശേഷം വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ വീണ്ടും. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്ന പരാമര്‍ശമാണ് വിവാദമായത്. കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. ”നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം. നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്. ജാതി, മതം എന്നിവയൊന്നും പരിഗണിക്കേണ്ടതില്ല” കേന്ദ്രമന്ത്രി പറഞ്ഞു.

താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിം രാജാവല്ലെന്ന വാദവും കേന്ദ്ര മന്ത്രി ഉയര്‍ത്തി. ഷാജഹാന്റെ ആത്മകഥയില്‍നിന്ന് താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിമല്ലെന്ന് വ്യക്തമാകും. പരമതീര്‍ഥസ്വാമി നിര്‍മിച്ച ശിവമന്ദിരമാണ് താജ് മഹലെന്നും ഇത് അറിയപ്പെട്ടിരുന്നത് തേജോ മഹാലയ എന്നായിരുന്നെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ഇപ്പോഴത്തേതുപോലെ ഒന്നുമറിയാതെ കിടന്നുറങ്ങിയാല്‍ നമ്മുടെ വീടുകള്‍ക്ക് മസ്ജിദ് എന്ന് പേരിടും. ഇങ്ങനെ പോയാല്‍ ശ്രീരാമന്റെയും സീതയുടെയും പേരുകളും മാറ്റും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനുനേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇത്തരത്തിലുള്ളവരെ എം.പി.യാക്കുന്നതും കേന്ദ്രമന്ത്രിയാക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.

pathram:
Related Post
Leave a Comment