ഡല്‍ഹിയില്‍ ഞാന്‍ ഉള്ളിടത്തോളം കാലം ഒരു അഴിമതിയും നടത്താന്‍ അനുവദിക്കില്ല; കേരള സംസ്‌കാരത്തെ കമ്യൂണിസ്റ്റുകാര്‍ അപമാനിച്ചെന്ന് പ്രധാനമന്ത്രി

കൊച്ചി: കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചു. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. യുഡിഎഫ് ഡല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നത് മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരു താല്‍പര്യവുമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ അവര്‍ എതിര്‍ക്കുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?. പ്രതിപക്ഷത്തിന് ആശയ പാപ്പരത്തം ബാധിച്ചു. മോദിയെ ആക്ഷേപിക്കല്‍ മാത്രമാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

2021 ല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 10 ശതമാനം കുറയ്ക്കും. ജൈവ ഇന്ധന മിശ്രിതത്തിന്റെ ഉപയോഗം 25 ശതമാനമായി വര്‍ധിപ്പിക്കും. അഞ്ച് വര്‍ഷം മുന്‍പ് ലോകം ഇന്ത്യയെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയില്‍ വന്‍ നിക്ഷേങ്ങള്‍ നടക്കുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെക്കാള്‍ മുന്നിലെത്തി. നാലര വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നാട്ടിലെ അടുക്കളകള്‍ പുകയില്ലാത്തതാക്കാന്‍ തീരുമാനിച്ചിരുന്നു. ആ ലക്ഷ്യത്തിന് വളരെ അടുത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ ആറ് കോടിയോളം വരുന്ന ജനങ്ങള്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന്‍ ലഭ്യമായിരിക്കുന്നു. ഇന്ധനത്തിനായുള്ള ഇന്ത്യയുടെ ആവശ്യം കൂടി വരുകയാണ്. ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ എണ്ണശുദ്ധീകരണ രാജ്യമാണ്. അതില്‍ സുപ്രധാനമാണ് കൊച്ചിയുടെ സ്ഥാനം. തൃശൂരിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഹിന്ദുത്വത്തെ തകര്‍ക്കാന്‍ നിരീശ്വരവാദിയായ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രധാനമന്ത്രിക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ട്. അദ്ദേഹത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. നമുക്കുവേണം മോദിഭരണം എന്ന മുദ്രാവാക്യം തിരുവനന്തപുരത്തെ രാക്ഷസന്‍മാര്‍ കേള്‍ക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൊച്ചി ബിപിസിഎല്ലില്‍ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. ഉച്ചയ്ക്ക് 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. വിമാനത്തിന് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിയാണ് കൊച്ചിയിലെത്തിയത്.

pathram:
Leave a Comment