പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നടത്തും. 2.35 മുതല്‍ 3.15 വരെയാണ് ഇവിടത്തെ ചടങ്ങില്‍ സംബന്ധിക്കുക.

വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പോകും. ഇവിടെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും.

പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment