കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ എങ്ങും കേള്‍ക്കാനുള്ളത്. പല പ്രമുഖ നടന്‍മാരും മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാപക പ്രചാരണം വരുന്നു.. ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു പ്രചാരണങ്ങള്‍.
തൃശൂരിലോ ചാലക്കുടിയിലോ മഞ്ജു മത്സരിക്കുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് നടി. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് നടി പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ താന്‍ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു.
നേരത്തെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു പിന്നീട് താന്‍ വനിതാ മതിലില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരുന്നു. വനിതാ മതിലിന്റെ പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ചായിരുന്നു മഞ്ജു അന്ന് പിന്‍വാങ്ങിയത്. ഇതിന്റെ പേരില്‍ മഞ്ജുവിനു നേരെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ ആക്രമണം ഉണ്ടായിരുന്നു.
അതിനിടെ എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെക്കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തി സിപിഎം നേതൃത്വം. പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നിലെങ്കിലും അദ്ദേഹം സ്ഥാനാര്‍ഥിയായേക്കില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്നാണ് പ്രത്യക്ഷ നിലപാടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇന്നസെന്റ് മല്‍സരിക്കും.
സമീപകാലത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് എറണാകുളം മണ്ഡലത്തില്‍ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് മല്‍സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേയും അതിനു മുന്‍പ് സിന്ധു ജോയിയുടേയും സെബാസ്റ്റ്യന്‍ പോളിന്റേയും സ്ഥാനാര്‍ഥിത്വവും അപ്രതീക്ഷിതമായിരുന്നു. ഇത്തവണയും ഒരു സര്‍െ്രെപസ് സ്ഥാനാര്‍ഥി എറണാകുളത്തുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
മുന്‍ എംപിയും എറണാകുളത്തെ രാഷ്ട്രീയ സംസ്‌കാരികമണ്ഡലങ്ങളില്‍ സജീവ സാന്നിധ്യവുമായ പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നില്‍. കുറേക്കൂടി സുരക്ഷിതമായ ചാലക്കുടിയാണ് രാജീവിന് താല്‍പര്യമെന്നാണ് സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് പുറത്തുപറയുമ്പോഴും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാമെന്നാണ് ഇന്നസെന്റിന്റെ മനസിലിരുപ്പ്. ഇന്നസെന്റ് വീണ്ടും മല്‍സരിക്കാന്‍ തയാറാണെങ്കില്‍ ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ഥി വേണോയെന്ന് സിപിഐഎമ്മിന് രണ്ടാമത് ആലോചിക്കേണ്ടിവരും.
എറണാകുളത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി പാറിച്ച സെബാസ്റ്റ്യന്‍ പോള്‍ ഇനി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു മുന്നില്‍ തീരുമാനം മാറ്റുമോ എന്നു കാത്തിരുന്നു കാണണം.
പാര്‍ട്ടി നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നടന്‍ മമ്മൂട്ടിയുടെ പേരും ഉയര്‍ന്നുവന്നെങ്കിലും മല്‍സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമയ്ക്കകത്തും പുറത്തും ഉടലെടുത്ത വനിതാമുന്നേറ്റത്തിന്റെ തുടര്‍ച്ചയായി വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയും എറണാകുളത്ത് ഉണ്ടായേക്കാം. അന്തരിച്ച സിപിഐഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന്റെ പേരും ചര്‍ച്ചയില്‍ ഉയരുന്നുണ്ട്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ആരു സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിന്‍ നിലനിര്‍ത്തിയതിനൊപ്പം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന തൃപ്പൂണിത്തുറയും കൊച്ചിയും തിരിച്ചുപിടിച്ചതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ഏഴു നിയോജകമണ്ഡലങ്ങളില്‍ കളമശേരി, പറവൂര്‍, എറണാകുളം, തൃക്കാക്കര എന്നിവയിലാണ് യുഡിഎഫ് വിജയിച്ചത്.
Leave a Comment