വനിതാ മതിലില്‍ തീരുന്നില്ല; തുടര്‍ പരിപാടികള്‍ വരുന്നു…

തിരുവനന്തപുരം: വനിതാ മതിലിന് ശേഷമുള്ള തുടര്‍ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍, കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

നവോത്ഥാന പാരമ്പര്യമുള്ളതും നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ 176 സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യസംരക്ഷണ സമിതി സംഘടിപ്പിച്ചത്. ശബരിമല വിവാദം കത്തിനിന്ന സാഹചര്യത്തിലായിരുന്നു ഈ കൂട്ടായ്മക്ക് സര്‍ക്കാരും എസ്എന്‍ഡിപിയും കെപിഎംഎസും അടക്കമുള്ള സംഘടനകള്‍ മുന്‍കൈ എടുത്തത്. അതേസമയം നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംഘടിപ്പിച്ച ആദ്യ പരിപാടി ആയ വനിതാമതിലിന്റെ ലക്ഷ്യം സംബന്ധിച്ച് മുഖ്യ സംഘാടകരായ വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

വനിതാമതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പുന്നല ശ്രീകുമാര്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ സിപിഎമ്മിനും അതൃപ്തിയുണ്ട്. വനിതാമതിലിന്റെ വിലയിരുത്തലും അത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാക്കിയ പ്രതികരണങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

pathram:
Related Post
Leave a Comment