ശബരിമല സമരം വിജയം, കേരളത്തിലെ ബിജെപി നേതാക്കന്മാരെ ലോകമെമ്പാടും അറിഞ്ഞുവെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം വിജയമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്തസംഗമം വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കും.
ശബരിമല സമരം പൂര്‍ണ്ണ വിജയമാണെന്ന് ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ എന്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു

pathram:
Related Post
Leave a Comment