അറിയാത്ത കാര്യങ്ങളാണു മന്ത്രി പറയുന്നത്; ചര്‍ച്ച പരാജയം; കരിമണല്‍ ഖനനത്തിനെതിരായ സമരം തുടരും

തിരുവനന്തപുരം: കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരായ സമരം തുടരും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഖനനം നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ സമരസമിതി ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഖനനം കൊണ്ട് നാട്ടുകാര്‍ക്കു ഗുണമില്ല. അറിയാത്ത കാര്യങ്ങളാണു മന്ത്രി പറയുന്നത്. മന്ത്രി ആലപ്പാട്ടേക്കു നേരിട്ടുവന്നു സ്ഥിതി മനസ്സിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഒരു മാസത്തേക്ക് സീ വാഷിങ് നിര്‍ത്തിവയ്ക്കാമെന്ന സര്‍ക്കാര്‍ നിലപാടും സമരസമിതി തള്ളി. ഇന്‍ലാന്‍ഡ് വാഷിങ് തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ് സീ വാഷിങ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്.

അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ സംബന്ധിച്ചു പ്രാഥമിക പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ പി.എം.പ്രകാശിനാണു ചുമതല. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്ന് ആലപ്പാട് സമരസമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

ആലപ്പാട്ടെ ഖനന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കൊല്ലം കലക്ടറെ ചെയര്‍മാനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. 16.5 കിലോമീറ്ററിലാണ് ആലപ്പാട്ടെ ഖനന പ്രദേശം. ഈ ഭാഗത്തു കടല്‍ഭിത്തി ശക്തിപ്പെടുത്തും. കടല്‍ കയറി കര നഷ്ടപ്പെടുന്നത് തടയാന്‍ ഐആര്‍ഇഎല്‍ (ഇന്ത്യന്‍ റയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്) പുലിമുട്ട് നിര്‍മിക്കും. വെള്ള മണല്‍ ഉപയോഗിച്ച് ഖനനപ്രദേശത്തെ കുഴികള്‍ നികത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നു സമര സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നു. ഖനനം അവസാനിപ്പിക്കാന്‍ കഴിയില്ല. ഖനനം നിര്‍ത്തിയാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തു ചെയ്യും. സമരം ചെയ്യുന്നവര്‍ ഇതാലോചിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment