നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുത്; പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ സമരമെന്തിന്? കെഎസ്ആര്‍ടിസി പണിമുടക്കിനെതിരേ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ പുരോഗതി ഉച്ചയ്ക്ക് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാകും സമരത്തെ സംബന്ധിച്ച കോടതിയുടെ തുടര്‍നടപടികള്‍. കോടതിയുടെ കടുത്തപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം തൊഴിലാളി യൂണിയനുകള്‍ക്കായി ഹാജരായ അഭിഭാഷകന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഒക്ടോബറില്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെടുന്നു. ഇന്ന് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നെന്ന നിലപാടിലാണ് തൊഴിലാളികള്‍. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ നിന്നുതന്നെ വരുമാനം കൂട്ടിയാല്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. അധികം വൈകാതെ വരുമാനം പ്രതിദിനം ഒരുകോടി വര്‍ധിപ്പിക്കാനുള്ള എല്ലാ പശ്ചാത്തലവുമുണ്ടെന്നും അങ്ങനെയെങ്കില്‍ കോര്‍പ്പറേഷനു തന്നെ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment