സാമ്പത്തിക സംവരണം നിയമമായി; ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തുശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതിബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി. എന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഇനി സര്‍ക്കാരാണ് തീരുമാനിക്കുക.

ലോക്‌സഭയില്‍ മൂന്നിനെതിരെ 323 വോട്ടുകള്‍ക്കും രാജ്യസഭയില്‍ ഏഴിനെതിരെ 165 വോട്ടുകള്‍ക്കുമാണ് ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുയര്‍ത്തിയിരുന്നെങ്കിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്.

ലോക്‌സഭയില്‍ മുസ്ലിം ലീഗ് എംപിമാരും അസദുദ്ദീന്‍ ഒവൈസിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ രാജ്യസഭയില്‍ മുസ്ലിം ലീഗിനെ കൂടാതെ ഡിഎംകെ, എഐഎഡിഎംകെ എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേര്‍ന്ന് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണത്തിന് അനുമതി നല്‍കിയത്.

pathram:
Related Post
Leave a Comment