സിനിമയെ സിനിമയായി മാത്രം കാണാനാവില്ല; ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി സിനിമാ പാരഡീസോ ക്ലബ്ബ്

കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഇവര്‍ ഭാഗമായ സിനിമകള്‍ ഒഴിവാക്കിയിട്ടില്ല.

സിനിമാ പാരഡീസോ ക്ലബ്ബിന്റെ പ്രസ്താവന:

ഡിയര്‍ സിപിസിയന്‍സ്, സീ പി സി സിനി അവാര്‍ഡ്‌സ് പോളിങ് ആരംഭിക്കാന്‍ വൈകുന്നതിന് ആദ്യം തന്നെ ക്ഷമചോദിക്കുന്നു. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരംതന്നെ പോളിംഗ് സൈറ്റ് ഏവര്‍ക്കുമായി തുറക്കുന്നതാണ് .അതിനുമുന്‍പ് നിര്‍ണായകമായ ഒരു വിഷയത്തില്‍ സീ.പി.സിയുടെ നിലപാട് പ്രസ്താവിക്കാനുദ്ദേശിക്കുകയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ സീ പി സി സിനിമ അവാര്‍ഡ്‌സ് ആരംഭിക്കുന്നത് മലയാള സിനിമയെ ,അതിന്റെ വിവിധ മേഖലകളെ കൂടുതല്‍ കാര്യക്ഷമമായി വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ മലയാളസിനിമയില്‍ സംഭവിച്ച പോസിറ്റീവുകളെ വിശകലനത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പിലൂടെ പ്രസ്താവിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് .പക്ഷെ ഏതൊരു മേഖലയും മികച്ചതാക്കുന്നതില്‍ പോസിറ്റീവുകളെ കണ്ടെത്തുന്നതുപോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാളേറെ പ്രധാനമാണ് അതിന്റെ നെഗെറ്റിവുകളെ കൃത്യമായി തിരിച്ചറിയുന്നതും അടയാളപെടുത്തുന്നതും .അതിനാലാണ് സിനിമയെന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെ ,ചൂഷണങ്ങളുടെ ഭീകരതയും വളരെ പ്രാധാന്യത്തോടെ ചര്‍ച്ചക്കുവെക്കാന്‍ നമ്മള്‍ക്ക് കഴിഞ്ഞത്.

സിനിമയടക്കമുള്ള തൊഴില്‍മേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നില്‍ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കില്‍ അവരുടെ കുറ്റങ്ങള്‍ നിസാരവല്‍ക്കരിക്കപ്പെടുന്നത് അവര്‍ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവര്‍ നേടിയെടുത്ത ജനപ്രിയതയും കാരണമാണ്.ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ ‘സിനിമയെ സിനിമയായി മാത്രം കാണുക ‘എന്ന നിലനില്പില്ലാത്ത വാദത്തില്‍ തട്ടി അവസാനിക്കുകയാണ്.പക്ഷെ കാലം എല്ലാക്കാലവും ചൂഷകര്‍ക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നത്.ഇതിന്റെ നിരവധി ഉദാഹരങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.ചൂഷകരില്‍നിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്‌കാരങ്ങളുടെ രൂപത്തില്‍ ,ഒഴിവാക്കലൂകളുടെ രൂപത്തില്‍.

ഇവയൊക്കെ ഒരു ആരംഭമാണ്.നിങ്ങളുടെ തെറ്റുകള്‍ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ, ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണ്. മലയാളസിനിമയില്‍ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പില്‍ വന്ന ചര്‍ച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത്. ആയതിനാല്‍ കുറ്റാരോപിതരായ ദിലീപ്, അലന്‍സിയര്‍ എന്നിവരെ സീ പി സി സിനി അവാര്‍ഡ്‌സിന്റെ അന്തിമ പോള്‍ലിസ്റ്റില്‍ നിന്നും നീക്കംചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവരുള്‍പ്പെട്ട സിനിമകള്‍ തിരഞ്ഞെടുപ്പുകളില്‍നിന്നും ഒഴിവാക്കിയിട്ടില്ല. സാമൂഹികപാരിസ്ഥിതിക രാഷ്ട്രീയ നിലപാടുകള്‍ ഉള്ള സിനിമാ സ്‌നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മള്‍ നിലനിന്ന് പോന്നിട്ടുള്ളത്. ആ നിലനില്‍പ്പിന് ഇത്തരമൊരു തീരുമാനം കൂടുതല്‍ ബലമേവുമെന്നാണ് പ്രതീക്ഷ.

pathram:
Leave a Comment