ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും; ദൃശ്യങ്ങള്‍ പുറത്തുവിട്ടു; പ്രതിഷേധക്കാരെ കബളിപ്പിച്ച് വീണ്ടും പൊലീസ്

ശബരിമല: ശ്രീലങ്കന്‍ സ്വദേശിയായ ശശികല സന്നിധാനത്തെത്തിയെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളും പൊലീസും സ്ഥിരീകരിച്ചു. ഇവര്‍ സന്നിധാനത്തെത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണു യുവതി ശബരിമലയിലെത്തിയത്. ഇവര്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. യുവതി സന്നിധാനത്തെത്തിയതായി രാത്രിതന്നെ ഐജി ഡിജിപിയെ അറിയിച്ചിരുന്നു. പിന്നീട് നടന്ന നാടകങ്ങള്‍ മാധ്യമങ്ങളെയും പ്രതിഷേധക്കാരെയും കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നു. പതിനെട്ടാം പടികയറി ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് ഇന്നെല തന്നെ പൊലീസ് ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ രാത്രി പുറത്തുവന്നിരുന്നു.

താന്‍ പതിനെട്ടാം പടിക്കരികിലെത്തിയിട്ടും പൊലീസ് ദര്‍ശനാനുമതി നിഷേധിച്ചെന്നാണു രാവിലെ ശശികല മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. എന്നാലിത് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് നിര്‍ദേശപ്രകാരമാണെന്നാണു സൂചന. ഭര്‍ത്താവിനൊപ്പം മലയിറങ്ങാതിരുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. അതേസമയം, തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും 41 ദിവസത്തെ വ്രതമെടുത്ത് മലകയറുന്നതില്‍ തെറ്റില്ലെന്നും ശശികല പറഞ്ഞു. ഇതു തെളിയിക്കുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് കയ്യിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ശ്രീലങ്കയില്‍ നിന്നുള്ള തീര്‍ഥാടക ശശികല, ഭര്‍ത്താവ് ശരവണമാരനും മകനും മറ്റൊരാള്‍ക്കുമൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. പമ്പയിലെത്തിയ സംഘം പൊലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചു. പത്ത് മണിയോടെ സന്നിധാനത്തെത്തിയ സംഘം ലക്ഷ്യത്തിന് മുമ്പ് വഴിപിരിഞ്ഞു. ഇതിനിടെ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന അഭ്യൂഹം പരന്നു. എന്നാല്‍ താന്‍ മാത്രമാണ് ദര്‍ശനം നടത്തിയിതെന്ന് ശരവണമാരന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഭര്‍ത്താവും മകനും മലയിറങ്ങി. എന്നാല്‍ ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാന്‍ ശരവണമാരന്‍ തയാറായില്ല. മലയിറങ്ങി ശരവണമാരന്‍ പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ വിശ്രമത്തിനിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ ശശികലയും പമ്പയിലെത്തി.

pathram:
Leave a Comment