വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന്‍ ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ ബോര്‍ഡ് പ്രസിഡന്റ് വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ ദോഷമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഇന്ന് വനിതാ മതില്‍ തീര്‍ക്കും. വൈകിട്ട് നാലിന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കാനാണ് സര്‍ക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം.
ഡിസംബര്‍ ഒന്നിന് മതില്‍ തീര്‍ക്കാനുള്ള പ്രഖ്യാപനം വന്നത് മുതല്‍ സംസ്ഥാനത്തെ പ്രധാന ചര്‍ച്ച ആരൊക്കെ മതിലിനൊപ്പമുണ്ട്, മതിലിന് പുറത്തുണ്ട് എന്നതായിരുന്നു. ശബരിമലയില്‍ സുപ്രീം കോടതിയുടെ യുവതീപ്രവേശനവിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാറിനെതിരെ വിശ്വാസികളുടെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നു വന്നത്. കോണ്‍ഗ്രസ്സും ബിജെപിയും വിശ്വാസികള്‍ക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് സര്‍ക്കാര്‍ നവോത്ഥാനമൂല്യം ഉയര്‍ത്തിയുള്ള പ്രതിരോധ മതില്‍ തീര്‍ക്കാനൊരുങ്ങിയത്.
എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതില്‍. 3.30 ക്കാണ് ട്രയല്‍. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.
തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ മന്ത്രിമാരും നേതാക്കളും പിന്തുണയുമായുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ മതിലില്‍ പങ്കെടുക്കാനെത്തും. അതുപോലെ തന്നെ സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ മതിലിന് കൂടുതല്‍ കരുത്തേകും

pathram:
Related Post
Leave a Comment