കാദര്‍ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നു. ഇതിനുശേഷമാണ് ടൊറന്റോയില്‍ വച്ച് മരണം സംഭവിക്കുന്നത്.
അഫ്ഗാനിസ്താനിലെ കാബൂളില്‍ ജനിച്ച കാദര്‍ ഖാന്‍ മുന്നൂറിലേറെ സിനിമകളില്‍ അഭിനിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളാണ് കൂടുതലായി ചെയ്തത്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി. നിരവധി സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു. രാജേഷ് ഖന്ന നായകനായ ദാഗായിരുന്നു ആദ്യ ചിത്രം.
അമിതാഭ് ബച്ചന്റെ പല ഹിറ്റ് ഹിന്ദി ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും കാദര്‍ ഖാനായിരുന്നു. ലാവാറിസ്, കൂലി, മുഖദ്ദര്‍ കി സിക്കന്ദര്‍, മിസ്റ്റര്‍ നട്‌വര്‍ലാല്‍, അമര്‍ അക്ബര്‍ ആന്റണി, പര്‍വാരിഷ് തുടങ്ങിയ ബച്ചന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെല്ലാം പിറന്നുവീണത് കാദര്‍ ഖാന്റെ തൂലികയില്‍ നിന്നാണ്. ഗോവിന്ദയുടെ ആന്റി നമ്പര്‍ വണ്ണാണ് അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം. ഒരു ചിത്രം നിര്‍മിച്ചിട്ടുമുണ്ട്.
അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്.

pathram:
Leave a Comment