വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാന്‍: ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; പിന്തുണയുമായി സുഹാസിനി

കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ എത്തുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനിയാണ് എത്തിയിരിക്കുന്നത്. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തിയ്യതി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. സിമന്റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.

നേരത്തെ നടി മഞ്ജുവാര്യര്‍ വനിതാ മതിലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇത് വന്‍ വിവാദമാകുകയും ചെയ്തു. ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയ പരിപാടിയായതിനാല്‍ പിന്മാറുന്നതായും പറഞ്ഞ മഞ്ജുവിനെതിരേ വന്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

pathram:
Related Post
Leave a Comment