ടെക്‌നോപാര്‍ക്ക് ജീവനക്കാരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ കലക്റ്ററുടെ കത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ കളക്ടറുടെ നിര്‍ദേശം. ടെക്‌നോപാര്‍ക്ക് സിഇഒയ്ക്കാണ് കളക്ടര്‍ കത്ത് നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് നടപടി.

അതിനിടെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ പോകുന്ന ആശാ വര്‍ക്കര്‍മാരുടെയും തൊഴിലുറപ്പ് ജീവനക്കാരുടെയും അന്നേ ദിവസത്തെ വേതനം പിടിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചി മേയര്‍ എന്നിവരോടാണ് യുഡിഎഫ് കണ്‍വീനര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

നേരത്തെ വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ജനുവരി ഒന്നിലെ പരീക്ഷകള്‍ 14ന് നടത്തുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.

വനിതാമതിലിനായി ആംബുലന്‍സുകള്‍ നല്‍കണമെന്ന് കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫിസറുടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ വനിതാമതിലിന് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്നും കെജിഎംഒഎ വിശദമാക്കിയിരുന്നു.

അതിനിടെ വനിതാ മതിലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളിള്‍ക്ക് പണി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നു. ജോലിയും കൂലിയും ഇല്ലാതായതോടെ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് തൊഴില്‍ നല്‍കുന്നതിന് കാലതാമസമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

pathram:
Leave a Comment