റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്റെ ഫ്ലോട്ട് കേന്ദ്രം ഒഴിവാക്കി

ന്യൂഡല്‍ഹി: 2018ലെ റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം അവഗണിച്ചു. നവോത്ഥാനസംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ഇതില്‍ വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാനസംഭവങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിനോടുളള ഈ അവഗണനക്ക് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്നാണ് സൂചന.
പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടായിരുന്നു. തുടര്‍ന്ന്, നാലുഘട്ടങ്ങളിലായുള്ള പരിശോധനയ്ക്കൊടുവില്‍ 14 സംസ്ഥാനങ്ങളാണ് പരേഡിന്റെ ഭാഗമാവുക. ഇങ്ങനെ അവസരം കിട്ടിയ സംസ്ഥാനങ്ങള്‍ 26ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധസെക്രട്ടറി കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സര്‍ക്കാരും സിപിഐഎമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുള്ള ഫ്ലോട്ടിന് അനുമതിതേടിയത്. ‘വനിതാ മതില’ടക്കം ഉയര്‍ത്തി സിപിഐഎം ബിജെപിയെ വെല്ലുവിളിക്കുന്ന സന്ദര്‍ഭത്തില്‍, റിപ്പബ്ലിക് ദിന പരേഡില്‍ തലസ്ഥാനത്ത് കേരളത്തിന്റെ നവോത്ഥാനഗീതം ഉയരുന്നതിനോട് രാഷ്ട്രീയ എതിര്‍പ്പുകളുണ്ടായിരുന്നു.

2014ല്‍ പുരവഞ്ചിയിലൂടെ മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള സ്വര്‍ണമെഡല്‍ കേരളം നേടിയിരുന്നു. 2015ലും 2016ലും തിരഞ്ഞെടുക്കപ്പെട്ടില്ല. 2017ല്‍ അഞ്ചാംസ്ഥാനത്തുമെത്തി. ഇത്തവണ എന്തുനിലയിലും ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ, പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ വിഷയം ആദ്യം അവതരിപ്പിക്കുന്നതിന് കേരളം പ്രത്യേകപ്രതിനിധിയെവരെ അയച്ചു.
ഗാന്ധിജിയുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നതിനാല്‍, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന വൈക്കം സത്യാഗ്രഹമാണ് തിരഞ്ഞെടുത്തത്. സമിതിക്കുമുമ്പില്‍ കേരളം വെച്ച നിര്‍ദേശങ്ങളില്‍നിന്ന്, ഗാന്ധിജിയും ശ്രീനാരായണഗുരുവും കാണുന്ന ദൃശ്യം ഏറെ ആകര്‍ഷണീയമായിതോന്നിയതിനാല്‍ സമിതിയിലെ കലാകാരന്മാര്‍ അതില്‍ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ബംഗാളികലാകാരന്‍ ബാബ ചക്രവര്‍ത്തി ഇതനുസരിച്ച് ഫ്ലോട്ട് നിര്‍മിച്ചു.
ഫ്ലോട്ടിന്റെ ത്രിമാനദൃശ്യങ്ങളും ചലനവും സംഗീതത്തോടെ ദൃശ്യവത്കരിച്ചത് കണ്ടശേഷം സമിതി ചെറിയ ചിലമാറ്റങ്ങള്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് അവസാനഘട്ടത്തിലെത്തിയ 19 സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ 20ന് വീണ്ടും അവതരിപ്പിച്ചു. അന്നവതരിപ്പിച്ച മറ്റുപല ഫ്ലോട്ടുകളെക്കാളും മികച്ച കേരളത്തിന്റെ ഫ്ലോട്ട് തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരിക്കെയാണ് ക്ഷണം ലഭിക്കാതെ വന്നത്.

pathram:
Leave a Comment