ശക്തമായ പ്രതിഷേധം : യുവതികളുമായി പോലീസ് തിരിച്ചിറങ്ങുന്നു

ശബരിമല: ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കുന്നു. യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. ഇതിനിടെ കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച് നിന്നു. പോലീസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയകതായും യുവതികള്‍ പറഞ്ഞു. സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.
കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ഇവര്‍ക്ക് മുന്നോട്ട് നീങ്ങാനായിരുന്നില്ല. രണ്ടു മണിക്കൂറോളം ഇവിടെ തുടര്‍ന്നിട്ടും പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെയാണ് പോലീസ് ഇവരെ തിരിച്ചിറക്കിയത്.
രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മലചവിട്ടാന്‍ എത്തിയത്.സ്വാമി അയ്യപ്പന്‍ റോഡ് വഴിയല്ല, മറിച്ച് പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മലകയറിയിരുന്നത്.
അരമണിക്കൂര്‍ യാത്ര പിന്നിട്ടപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അപ്പാച്ചിമേട്ടില്‍ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. എന്നാല്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് പ്രതിഷേധം കനത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ വരെ പോലീസിന് ഇവരെ എത്തിക്കാനായെങ്കിലും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ല.
100കണക്കിന് ഭക്തര്‍ കാനനപാതയില്‍ പ്രതിഷേധവുമായി കുത്തിയിരുപ്പ് നടത്തിയതോടെയാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്.
സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്.70 ഓളം പൊലീസുകാരാണ് യുവതികള്‍ക്ക് ഒപ്പം ഉള്ളത്. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസുകാര്‍ക്ക് യുവതികളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു.
ഇതോടെ ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞു ഇറങ്ങുന്നവരുടെ യാത്രയും തടസപ്പെട്ടു. ദര്‍ശനത്തിനു പോകുന്ന അയ്യപ്പ ഭക്തരുടെ യാത്രയും തടസപ്പെട്ടു. യുവതികള്‍ വരുന്നു തടസപ്പെടുത്തണം എന്ന ആഹ്വാനവും ശരണം വിളിയും ഉയര്‍ന്നതോടെ ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ കൂട്ടം കൂടി വഴിതടസപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ പൊലീസ് യുവതികളെ കാനനപാതയുടെ അരികിലേക്ക് മാറ്റിയിരുത്തി സംരക്ഷണ കവചം ഒരുക്കി.
ഇതിനിടെ സന്നിധാനത്ത് ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചു .കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചത്. പോലീസും പ്രതിഷേധക്കാരും മല ഇറങ്ങുകയും കയറുകയും ചെയ്യുന്ന അയ്യപ്പ ഭക്തരും എല്ലാം ചേര്‍ന്ന് വലിയൊരു സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ് ശബരിമല കാനന പാതയില്‍ രൂപപ്പെട്ടിരിക്കുന്നത്.
അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞിരുന്നു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നിലയ്ക്കലിലെത്തിയ യുവതികളെ പൊലീസ് സുരക്ഷയോടെ പമ്പയിലെത്തിക്കുകയായിരുന്നു. കുറച്ചുനേരം വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും.

pathram:
Leave a Comment