ശബരിമല ദര്‍ശനത്തിനെത്തിയ സംഘം’മനിതി’ ആക്ടിവിസ്റ്റുകളെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ചെന്നൈയില്‍നിന്ന് ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ സംഘം’മനിതി’ ആക്ടിവിസ്റ്റുകളെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. എന്നാല്‍ തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, വിശ്വാസികളാണെന്ന് ‘മനിതി’ നേതാവ് സെല്‍വി പറഞ്ഞു. പമ്പയിലെത്തിയ മനിതി സംഘം ശബരിമല യാത്രയ്ക്കൊരുങ്ങിയതു സ്വയംകെട്ടുനിറച്ചാണ്. പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികള്‍ കെട്ടുനിറച്ചു നല്‍കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം സ്വയം കെട്ടുനിറച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിലെത്തിയത്.
വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് മനിതി നേതാവ് സെല്‍വി പറഞ്ഞു. അവരും കെട്ടുനിറച്ച് മല കയറുമെന്നും സെല്‍വി അവകാശപ്പെട്ടു. കമ്പംമേട് വഴിയാണ് മനിതി സംഘം കേരളത്തിലേക്കു പ്രവേശിച്ചത്. വഴിയില്‍ പലയിടത്തും ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായി.
അതേസമയം മനിതി സംഘവുമായി പൊലീസ് തല്‍ക്കാലം മലകയറില്ല. അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രയാസമെന്ന് പൊലീസ്. ‘മനിതി’ സംഘത്തെ പമ്പയില്‍ തടഞ്ഞിരിക്കുകയാണ് പ്രതിക്ഷേധക്കാര്‍. പമ്പയില്‍ തന്നെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. വന്‍ തിരക്കായതിനാല്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറഞ്ഞു.
യുവതികളും എതിര്‍ക്കുന്നവരും ശരണപാതയില്‍ കുത്തിയിരിക്കുകയാണ്. ആദിവാസി നേതാവ് അമ്മിണിയുള്‍പ്പെടെ കൂടുതല്‍ പേരെത്തുമെന്നും വിവരം. തിരിച്ചുപോകാനും മനിതി സംഘത്തോട് ആവശ്യപ്പെടില്ല. സ്പെഷ്യല്‍ ഓഫീസര്‍ ഡിജിപിയുമായി ചര്‍ച്ച നടത്തി.

pathram:
Related Post
Leave a Comment