അംബാനിയുടെ മക്കള്‍ക്കുള്ള ഫാ. ജോര്‍ജ് കാരംവേലിയുടെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു

അംബാനിയുടെ മക്കള്‍ക്കുള്ള ഫാ. ജോര്‍ജ് കാരംവേലിയുടെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു .
സഹോദരി ഇഷാഅംബാനി, വിവാഹ മംഗളാശംസകള്‍..

ദീര്‍ഘസുമംഗലീഭവ

ആയിരം കോടി ചിലവാക്കിയാണ് അച്ഛന്‍ അംബാനി നിന്നെ മണിയറയിലേക്കെത്തിച്ചതെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ആങ്ങളമാര്‍ക്ക് ഏറെ സന്തോഷമുണ്ട്.. കാരണം ഇന്ത്യയിലെ ഓരോ മനുഷ്യരുടെയും സംഭാവനയാണ് ആ മണിയറ പ്രവേശനം.. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിങ്ങനെയുള്ള അവശ്യ സാധനങ്ങള്‍ക്ക് വിലകയറുമ്പോഴൊക്കെ ഞങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ടായി തോന്നാതിരുന്നതും നിന്നെ കെട്ടിച്ചയക്കാനുള്ള ചിലവിലേക്കുള്ളത് ആണെന്ന് കൂടി ഓര്‍ത്തിട്ടായിരുന്നു..
അമിത വില നല്‍കലിലൂടെ ഞങ്ങള്‍ സാധാരണക്കാര്‍ നിന്റെ അച്ഛനും കൂട്ടര്‍ക്കും ഞങ്ങളുടെ പൊന്നു പെങ്ങളുടെ വിവാഹത്തില്‍ ഒരു കുറവുമുണ്ടാകരുത് എന്ന് കാണിച്ച ശാഠ്യമായിരുന്നു.. .
ഒരാഴ്ചയായി നീണ്ടു നിന്ന ചടങ്ങുകള്‍ മുഴുവന്‍, വെയിലത്ത് പണിയെടുക്കുന്നതിനിടയിലും ഞങ്ങള്‍ സാകൂതം, പ്രാര്‍ത്ഥനയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.
സ്വര്‍ണ നാണയം ചേര്‍ത്ത് വെച്ച ക്ഷണക്കത്ത് കണ്ട അന്ന് മുതല്‍ക്ക് തുടങ്ങിയ കൗതുകവും കരുതലുമാണ് ഇന്നലെ വരെ നിലനിര്‍ത്തിയത്. നീ വിവാഹത്തിന് ഉടുത്ത ആടയാഭരണങ്ങളില്‍ ഇന്നാട്ടിലെ പട്ടിണിക്കാരന്റെ വിയര്‍പ്പിന്റെ മണമുണ്ടെന്ന് ഓര്‍മയുണ്ടാകുമല്ലൊ !
കുതിരപ്പുറത്തിറങ്ങിയ നിന്നെയും വരനെയും നേരിട്ട് ആശിര്‍വദിക്കാനും, കുറച്ച് പൂക്കളെങ്കിലും നിങ്ങള്‍ക്ക് സമ്മാനിക്കാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നു..
പക്ഷെ, അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് ജീവിക്കുന്നതിനിടയില്‍ എവിടെയാ കുട്ടീ, സമയം?
പക്ഷെ, ഈ ആഴ്ച, നാലര ലക്ഷത്തോളം വരുന്ന അച്ഛന്റെ ഗ്രാമ ഔട്ട് ലെറ്റുകളിലും ഇരുപതിനായിരത്തോളമുള്ള ടൗണിലെ കടകളിലും വെച്ച് ചില്ലറ സാധനം വാങ്ങി ചെലവാക്കിയ തുകയില്‍ കുറച്ച്, നിനക്ക് വേണ്ടി ഒരുക്കിയ പൂക്കള്‍ക്ക് കൂടിയ്ഖ്തായിരുന്നു എന്ന സന്തോഷത്തിലാണ് ഞങ്ങള്‍..
ഇരുപത്തെട്ട് കോടി ചെലവാക്കിയ മെഗാ സംഗീത നിശ വല്ലാത്തൊരു ‘മിസ്’ ആയിപ്പോയി.. സാരമില്ല, അച്ഛന്റെ ഓഹരികളുള്ള ഏതെങ്കിലും ചാനലുകളില്‍ അത് വരുന്നതിനായി ഇപ്പഴേ ഡിഷ് ടിവിക്ക് റിക്വസ്റ്റ് അയച്ചിട്ടുണ്ട്..
സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ പങ്കെടുത്ത് ധാന്യമാക്കിയ നിന്റെ മിന്നുകെട്ടിന് ഇനിയെന്ത് ആര്‍ഭാടമാണ് വേണ്ടത്? ജ്യേഷ്ട സഹോദരരെ പോലെ ഞങ്ങള്‍ ദൂരെയിരുന്നു നിന്റെ അച്ഛന്‍ നിന്നെ കൈപിടിച്ച് കൊടുത്തത്, മാധ്യമക്കാര് നല്‍കിയ ചിത്രങ്ങളും മറ്റും കണ്ട് ഹര്‍ഷപുളകിതയായിരിക്കെയാണ്…
നൂറുക്കണക്കിന് വിമാനങ്ങള്‍ വന്നും പോയുമിരുന്നു എന്ന വാര്‍ത്തയും കണ്ട് ഏറെ സന്തോഷിച്ചു..
ആകാശത്തിലെ വിമാനങ്ങള്‍ക്ക് യഥേഷ്ടം വന്നിറങ്ങാന്‍ പണിതിട്ടുള്ള എയര്‍പോര്‍ട്ടുകളുടെ പകുതി ഓഹരി ഇന്നും ഞങ്ങള്‍ ജനങ്ങളുടെതാണല്ലോ..
അപ്പോള്‍ നിന്റെ കല്യാണത്തിന് നടന്ന അത്തരത്തിലുള്ള പ്രകടനങ്ങളിലും ഞങ്ങളുടെ പങ്കാളിത്തവും ചിലവും ഞങ്ങള്‍ ഉറപ്പാക്കി..
ഒരു വല്യേട്ടന്റെ സ്ഥാനത്തിരുന്ന് ഉപദേശിക്കുകയാ.. വൈവാഹിക ജീവിതത്തില്‍ കുറെ അഡ്ജസ്റ്റ്‌മെന്റുകളൊക്കെ വേണ്ടി വരും, ട്ടോ.. നിസ്സാര കാര്യത്തിനൊന്നും കേറി വിവാഹമോചനമൊന്നും നടത്തിയേക്കരുത്..
അതില്‍ നാണക്കേടൊന്നുമില്ലെങ്കിലും, പുതിയൊരു ചെറുക്കനെ കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും, ഇതേ ചിലവ് വരുമ്പോള്‍ താഴെയുള്ള അനുജത്തിമാര്‍ക്ക് കൂടി ഞങ്ങള്‍ കൊടുക്കാന്‍ പിന്നെയും കൂടുതല്‍ അധ്വാനിക്കേണ്ടി വരും..ഇതിനിടയില്‍, ഞങ്ങളുടെ വീട്ടിലും, കേട്ടു പ്രായം കഴിഞ്ഞ, നിന്റെ കൂടി കുഞ്ഞനുജത്തിമാരുണ്ടെന്ന ബോധം വേണം..
സമയം കിട്ടുമ്പോള്‍ ഇതൊക്കെ അച്ഛനെയും അറിയിക്കണം..

ധന്യമായ ജീവിതം ഒരിക്കല്‍ കൂടി ആശംസിച്ചു കൊണ്ട്,
നൂറു കോടി വരുന്ന ഈ രാജ്യത്തെ നിന്റെ സഹോദരരില്‍ ഒരാള്‍

pathram:
Related Post
Leave a Comment