പെര്‍ത്ത് ടെസ്റ്റ്: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ്

പെര്‍ത്ത്: ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ എട്ട് റണ്‍സിന് രണ്ട് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് ഭേദപ്പെട്ട നിലയിലെത്തിയത്. വിരാട് കോലി (37), ചേതേശ്വര്‍ പൂജാര (37) എന്നിവരാണ് ക്രീസില്‍. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 326 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
മുരളി വിജയ് (0), കെ.എല്‍. രാഹുല്‍ (2) എന്നിവരാണ് പുറത്തായത്. വിജയ്യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ ഒരു ഇന്‍ സ്വിങ്ങറില്‍ വിജയുടെ വിക്കറ്റ് തെറിച്ചു. കെ.എല്‍. രാഹുല്‍ പുറത്തായത് ജോഷ് ഹേസല്‍വുഡിന്റെ ഒരു യോര്‍ക്കറിലായിരുന്നു. ഇരുവരും പുറത്താവുമ്പോള്‍ എട്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
നേരത്തെ ആതിഥേയര്‍ 326ന് പുറത്തായിരുന്നു. 277ന് ആറ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് ഓസീസിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹനുമ വിഹാരി എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ് എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ കമ്മിന്‍സിനെ (19) പുറത്താക്കി ഉമേഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഉമേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കമ്മിന്‍സ്. അതികം വൈകാതെ പെയ്നും (38) കൂടാരം കയറി. ബുംറയുടെ പന്തില്‍ പെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറ് റണ്‍സ് മാത്രമെടുത്ത സ്റ്റാര്‍ക്കിനെ ഇശാന്ത് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡും (0) ഇതേ രീതിയില്‍ പുറത്തായി.
ആതിഥേയര്‍ക്ക് ലഭിച്ച മികച്ച തുടക്കം വേണ്ട രീതിയില്‍ മുതലാക്കാന്‍ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ ഓസീസിന് സാധിക്കുമായിരുന്നു. മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ഹാരിസ്- ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഞൊടിയിടയില്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. ആറ് ഫോര്‍ ഉള്‍പ്പെടെയാണ് ഫിഞ്ച് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ എത്തിയ ഉസ്മാന്‍ ഖവാജയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 38 പന്ത് നേരിട്ട താരം നേടിയത് വെറും അഞ്ച് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്‌സ്.
ഹാന്‍ഡ്‌സ്‌കോംപി (7)നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ മടക്കി അയച്ചു. ഇശാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്തിന്റെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് ഷോണ്‍ മാര്‍ഷും (48) ട്രാവിസ് ഹെഡു (58)മാണ് ഓസീസിനെ മാന്യമായ ടോട്ടലിലേക്ക് നയിച്ചത്. 84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്ലിപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ആദ്യദിനം അവസാനിക്കുന്നതിന് മുന്‍പ് ട്രാവിസ് ഹെഡിനെ (58) മടക്കി അയച്ച് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു

pathram:
Related Post
Leave a Comment