ആര്‍ബിഐയില്‍ പിടിമുറുക്കാന്‍ വീണ്ടും മോദി സര്‍ക്കാര്‍; ശക്തികാന്തദാസ് പുതിയ ഗവര്‍ണര്‍

മുംബൈ: ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചതോടെ പുതിയ ഗവര്‍ണറെ തെരഞ്ഞെടുത്തു. ധനകാര്യ കമ്മീഷന്‍ അംഗമായ ശക്തികാന്തദാസ് ആണ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍. നോട്ട് അസാധുവാക്കല്‍ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിരുന്നു. നോട്ടുനിരോധനത്തെ പിന്തുണച്ച ദാസിന്റെ നിയമനം ആര്‍ബിഐയില്‍ കേന്ദ്രത്തിന് പിടിമുറുക്കാനെന്നാണ് വിലയിരുത്തല്‍. നേരത്തെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജന താത്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയ്ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും.

ഇതനുസരിച്ച് മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് കത്തുകള്‍ റിസര്‍വ് ബാങ്കിന് ധനകാര്യമന്ത്രാലയം കൈമാറുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ആണ് ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന ഊര്‍ജിത് പട്ടേല്‍ രാജി നല്‍കിയതെന്നാണ് വിലയിരുത്തല്‍.

pathram:
Leave a Comment