മെസിയെ വെല്ലുവിളിച്ച് റൊണാള്‍ഡോ; മെസിയോട് പുതുതായി എന്തെങ്കിലും പരീക്ഷിക്കൂവെന്ന് താരം

ടൂറിന്‍: സൂപ്പര്‍താരം ലിയോണല്‍ മെസിയെ വെല്ലുവിളിച്ച് യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാഴ്‌സലോണയിലും സ്‌പെയിനിലും തന്നെ തുടരാതെ പുതുതായി എന്തെങ്കിലും പരീക്ഷിക്കൂവെന്ന് റൊണാള്‍ഡോ ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മെസി ഒരു നാള്‍ ഇറ്റലിയില്‍ വന്ന് കളിക്കുന്നത് കാണാന്‍ എനിക്കാഗ്രഹമുണ്ട്. എന്നെപ്പോലെ മെസിയും ആ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷെ മെസി ബാഴ്‌സയില്‍ തൃപ്തനാണെങ്കില്‍ അതിനെ ഞാന്‍ ബഹുമാനിക്കുന്നു. മെസിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല, മെസിക്ക് എന്നെയായിരിക്കും മിസ് ചെയ്യുന്നുണ്ടാവുക എന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. ഞാന്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും പിന്നെ രാജ്യത്തിനായും കളിച്ചിട്ടുണ്ട്. പക്ഷെ മെസി ഇപ്പോഴും സ്‌പെയിനില്‍ തന്നെയാണ് കളിക്കുന്നത്. അതുകൊണ്ട് ഒരുപക്ഷെ മെസിക്ക് എന്നെയായിരിക്കും കൂടുതല്‍ മിസ് ചെയ്യുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം ജീവിതം എന്നത് വെല്ലുവിളിയാണ്. അത് ഞാനിഷ്ടപ്പെടുന്നു. ആളുകളെ സന്തോഷിപ്പിക്കുന്നതും ഞാനിഷ്ടപ്പെടുന്നു. മെസി മികച്ച കളിക്കാരനും വ്യക്തിയുമാണ്. ഇവിടെ ഇറ്റലിയില്‍ എനിക്കൊന്നും മിസ് ചെയ്യുന്നില്ല. ഇതെന്റെ പുതിയ ജീവതമാണ്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്റോ കംഫോര്‍ട്ട് സോണ്‍ ഉപേക്ഷിച്ചാണ് ഞാന്‍ ഇറ്റലിയില്‍ വന്നത്. ഇവിടെ എല്ലാം ഗംഭീരമായി പോകുന്നു. ഞാനിപ്പോഴും മികച്ച കളിക്കാരന്‍ തന്നെയാണ്. ബാലണ്‍ ഡി ഓറില്‍ ലൂക്ക മോഡ്രിച്ചിന് പിന്നില്‍ രണ്ടാമനായി പോയത് തന്നെ കൂടുതല്‍ പ്രചോദിപ്പിക്കുകയെയുള്ളുവെന്നും റൊണാള്‍ഡോ പറഞ്ഞു.

pathram:
Related Post
Leave a Comment