പരസ്പര സമ്മതത്തില്‍ ശാരീരിക ബന്ധത്തിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോട് യോജിപ്പില്ല; ഏതൊരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന അവസ്ഥയാണ്; അമ്മ സ്‌റ്റേജ് ഷോയ്ക്ക് തന്നെ വിളിക്കാത്തതിന് കാരണമറിയില്ലെന്നും ബൈജു

സിനിമയിലെ നായക സ്വാധീനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടന്‍ ബൈജു. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു കൊണ്ടു തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണെന്നും ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ലന്നും തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടാട്ടാണെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ പിന്നെ നായകന്മാര്‍ ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകതയെന്നും നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്‌നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു.

മീ ടൂ ക്യാമ്പയിനോടുള്ള വിയോജിപ്പും അദ്ദേഹം തുറന്നു പറഞ്ഞു. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോടു യോജിപ്പില്ല. ഇപ്പോള്‍ ഏതൊരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു.സി.സിയുമായി സഹകരിക്കാത്തതെന്നു കൂടി പരിശോധിക്കേണ്ടതാണെന്നും ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടം വഴിയോടുന്ന പുരുഷന്മാരെ ഇവിടെ ഉള്ളൂവെന്നും ബൈജു പറഞ്ഞു.

അതേസമയം താരസംഘടനയായ അമ്മ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് തന്നെ വിളിക്കാത്തതിന് കാരണമറിയില്ലെന്ന് ബൈജു പറഞ്ഞു. അമ്മയുള്‍പ്പടെയുള്ള സംഘടനകള്‍ എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ അതിന്റെയൊന്നും പിറകെ പോകാറില്ലെന്നും ബൈജു വ്യക്തമാക്കി.

‘സിനിമയില്‍ എത്തിയിട്ട് 36 വര്‍ഷമായി. കുട്ടേട്ടന്‍ (നടന്‍ വിജയരാഘവന്‍) മാത്രമാണ് എനിക്ക് ആകെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത്. എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടനെ വിളിച്ചു പറയും. അദ്ദേഹം കൃത്യമായി പരിഹാരം പറഞ്ഞു തരും. അമ്മയുള്‍പ്പെടെ നടത്തുന്ന സ്‌റ്റേജ് ഷോകളില്‍ എന്നെ വിളിക്കാറുമില്ല അതിന്റെ പിറകെ പോകാറുമില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മറ്റുള്ളവരുടെ ചെലവില്‍ അവര്‍ പറയുന്നതനുസരിച്ച് അവരുടെ കൂടെ പോകുന്നതിലും നല്ലത് സ്വന്തം കാശുമുടക്കി സ്വതന്ത്രമായി പോകുന്നതല്ലേ’ ബൈജു ചോദിക്കുന്നു.

pathram:
Related Post
Leave a Comment