ബിജെപിയും യുഡിഎഫും ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയ വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും യുഡിഎഫും ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ആര്‍എസ്എസും സര്‍ക്കാരുമായിട്ടാണ് ഒത്തുകളിയെന്ന് പ്രപക്ഷം ആരോപിച്ചു. ബഹളത്തിനിടയില്‍ സ്പീക്കര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിച്ചുവിടുകയായിരുന്നു.
ഇന്ന് നിയമസഭ ആരംഭിച്ച ഉടനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് എംഎല്‍എമാര്‍ ശബരിമല വിഷയത്തില്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചു. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി എണീറ്റ് നിന്ന് പ്രതിപക്ഷത്തിന് വൈകി വന്ന വിവേകമാണിതെന്നും ബിജെപിയും യുഡിഎഫും തമ്മില്‍ ശബരിമല സമരത്തില്‍ ഒത്തുകളിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ആര്‍എസ്എസുമായിട്ട് സര്‍ക്കാരിനാണ് സഹകരണമെന്ന് പ്രതിപക്ഷനേതാവും ആരോപിച്ചു.
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസിന് സര്‍ക്കാര്‍ അവസരം നല്‍കി. വത്സന്‍ തില്ലങ്കേരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയെ ആണ് ഏല്‍പ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രി വീണ്ടും മറുപടി നല്‍കി. രാഹുല്‍ ഗാന്ധിയുടെ നിപാടിനോടല്ല കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളിലിറങ്ങുകയായിരുന്നു. ഇതിനിടെ ചില ഭരണപക്ഷ എംഎല്‍എമാരും രഗത്തെത്തിയതോടെ പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു.
മറുപടി നല്‍കാനായി പ്രതിപക്ഷ നേതാവ് എണീറ്റെങ്കിലും സ്പീക്കര്‍ അവസരം നല്‍കിയില്ല. ഇതിനിടയില്‍ കുറച്ച് സമയം ചോദ്യോത്തര വേള നടന്നെങ്കിലും പ്ലകാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതോടെ പ്രകോപിതരായ ഭരണകക്ഷി അംഗങ്ങളും സീറ്റുകളില്‍ നിന്നെഴുന്നേറ്റ് വന്നു. ഇരുപക്ഷവും തമ്മില്‍ വാക്‌പോരും നടന്നു. ഇതോടെ സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുക.

pathram:
Related Post
Leave a Comment