ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സുപ്രീകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍എസ്,എസ്, ബി ജെ പി പ്രവര്‍ത്തകരാണെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു..
ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തോടെയായിരുന്നു നിയമസഭ ആരംഭിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാനാവില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നിന്നു. അത് അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞതോടെ സഭ വീണ്ടും പ്രക്ഷുബ്ധമാകുമെന്നുറപ്പായി. സ്പീക്കറെ തടസപ്പെടുന്നത് അനുവദിക്കാനാകില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്നും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കി. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി . ഇതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ആരോപണങ്ങളുന്നയിച്ചു. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ 45 മിനിറ്റ് നല്‍കിയത് ശരിയായില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പറയാന്‍ തനിക്ക് ആരോഗ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല സഭയെന്ന് ചെന്നിത്തല തിരിച്ചടിച്ചു. ചോദ്യോത്തരവേള ഇല്ലാതെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനായില്ല. എന്നാല്‍ അങ്ങനെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുന്നേറ്റുനിന്നപ്പോള്‍ അവസരം നല്‍കിയില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
ഇതിനിടെ കെ.ടി.ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടിയുണ്ടായില്ല. വിവരം ശേഖരിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
സര്‍ക്കാരിനെതിരെ പ്രതിഷേധമറിയിച്ച് പി.സി ജോര്‍ജ്, ഒ. രാജഗോപാല്‍ , റോഷി അഗസ്റ്റിന്‍ , എന്‍. ജയരാജ് എന്നിവര്‍ കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്

pathram:
Related Post
Leave a Comment