പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മിതാലി രാജിന്റെ കത്ത്!

മുംബൈ: ലോക കപ്പ് വനിതാ ട്വന്റി20 ചാംപ്യന്‍ഷിപ്പിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉടലെടുത്ത വിവാദം മറനീക്കി പുറത്ത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ സൂപ്പര്‍താരം മിതാലി രാജിന് അവസരം നല്‍കാത്തതിനെ ചുറ്റിപ്പറ്റി ഉടലെടുത്ത വിവാദം, മിതാലി ബിസിസിഐയ്ക്ക് കത്തയച്ചയതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വനിതാ ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രമേഷ് പവാര്‍, ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഡയാന എഡുല്‍ജി തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കത്ത്
‘കൈവശം അധികാരമുള്ള ചിലര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്’ കത്തില്‍ മിതാലി രാജ് ആരോപിച്ചു. ഡയാന എഡുല്‍ജിയുടെ നിലപാടുകള്‍ ശുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയ മിതാലി, പരിശീലകന്‍ രമേഷ് പവാര്‍ തന്നെ തുടര്‍ച്ചയായി അപമാനിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മിതാലി ബിസിസിഐയ്ക്ക് നേരിട്ട് കത്തയച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ ചൂഴ്ന്നുനില്‍ക്കുന്ന വിവാദം പുതിയ തലങ്ങളിലേക്കും പടരുകയാണ്.
സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ടീം മാനേജര്‍ തൃപ്തി ഭട്ടാചാര്യ എന്നിവര്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയെക്കണ്ട് തിങ്കളാഴ്ച വിശദീകരണം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് മിതാലിയും ഹര്‍മന്‍പ്രീതും മറ്റു ബിസിസിഐ അധികൃതരെയും കണ്ട് ടീം സിലക്ഷനുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തില്‍ മിതാലിയെ ഉള്‍പ്പെടുത്താതെ ഇറങ്ങിയ ഇന്ത്യ, എട്ടുവിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു
അതേസമയം, മിതാലിയെ ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തില്‍ ഖേദമില്ലെന്നു പ്രഖ്യാപിച്ച ഹര്‍മന്‍പ്രീത്, നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹര്‍മന്‍പ്രീതിനെതിരെ തനിക്ക് പ്രത്യേകിച്ചൊരു പരാതിയുമില്ലെന്ന് മിതാലി കത്തില്‍ വ്യക്തമാക്കി. തന്നെ ടീമില്‍നിന്ന് പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ ഹര്‍മന്‍പ്രീത് പിന്തുണച്ചത് വേദനിപ്പിച്ചു. ഈ ലോകകപ്പ് ടീമിനായി നേടിയെടുക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ലോകകപ്പ് ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയത്’ മിതാലി വ്യക്തമാക്കി.
ടീമിന്റെ പരിശീലകനായ രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി ആരോപിച്ചു. തന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മിതാലി കത്തില്‍ എഴുതിയതിങ്ങനെ: ‘അടുത്തെങ്ങാനും ഞാനുണ്ടെങ്കില്‍ അദ്ദേഹം വേഗം അവിടെനിന്ന് മാറിനില്‍ക്കും. മറ്റുള്ളവര്‍ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിരീക്ഷിക്കും. ഞാന്‍ നെറ്റ്‌സിലെത്തിയാല്‍ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാന്‍ അടുത്തുചെന്നാല്‍ ഫോണില്‍ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും ഏറ്റവും ശാന്തതയോടു കൂടിയേ ഞാന്‍ പെരുമാറിയിട്ടുള്ളൂ’ മിതാലി വ്യക്തമാക്കി.
തന്നെ ടീമില്‍നിന്നു പുറത്താക്കിയതിനെ പിന്തുണച്ച മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ കൂടിയായ ഡയാന എഡുല്‍ജിക്കെതിരെ കൂടുതല്‍ രൂക്ഷമായിരുന്നു മിതാലിയുടെ പ്രതികരണം. ബിസിസിഐയില്‍ അവര്‍ക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. 20 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ ഞാന്‍ ഈ വിധത്തില്‍ തകര്‍ന്നുപോകുന്നത് ഇതാദ്യമാണ്. രാജ്യത്തിനായി ഞാന്‍ നല്‍കിയിട്ടുള്ളതും ഇപ്പോഴും നല്‍കുന്നതുമംശയിക്കുന്നു. എന്നെ തകര്‍ക്കാന്‍ മാത്രമാണ് അവരുടെ ശ്രമം.’
‘ഇടക്കാല ഭരണസമിതി അംഗമെന്ന നിലയില്‍ എല്ലാ വിധത്തിലും ഡയാന എഡുല്‍ജിയെ ഞാന്‍ ബഹുമാനിച്ചിട്ടുണ്ട്. വിശ്വസിച്ചിട്ടുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ ഞാന്‍ നേരിട്ട ദുരനുഭവം നേരിട്ടുവിവരിച്ചിട്ടും അവര്‍ എനിക്കെതിരെ നില്‍ക്കുന്നതില്‍ വിഷമമുണ്ട്. എന്നെ പുറത്തിരുത്തിയ തീരുമാനത്തെ പിന്തുണച്ച അവരുടെ നിലപാട് എന്നെ തകര്‍ത്തുകളഞ്ഞു. കാരണം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ട്’ മിതാലി കുറിച്ചു

pathram:
Leave a Comment